ന്യൂയോർക്ക്: ഉക്രൈനുമായി അതിർത്തി പങ്കിടുന്ന നാറ്റോ രാഷ്ട്രങ്ങളിലേക്ക് യുദ്ധസജ്ജരായ കമാൻഡോകളെ വിന്യസിക്കുകയാണെന്നും, റഷ്യൻ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉക്രൈൻ തീരത്തേക്ക് നീങ്ങുകയാണെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് അറിയിച്ചു.
നാറ്റോയുടെ ദ്രുതപ്രതികരണ സേനയെ കര, വ്യോമ, നാവിക മേഖലകളിലായി വിന്യസിച്ചു കഴിഞ്ഞുവെന്ന് സെക്രട്ടറി ജനറൽ പറഞ്ഞു. വിവിധ നാറ്റോ രാജ്യങ്ങൾ ഉക്രൈനിനായി ആയുധങ്ങൾ കൈമാറുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ, ഈ രാജ്യങ്ങൾ ഏതൊക്കെയാണെന്നും, ഏതൊക്കെ തരം ആയുധങ്ങളാണ് നൽകുന്നതെന്നും വ്യക്തമാക്കാൻ നാറ്റോ തയ്യാറായിട്ടില്ല. ‘ഉക്രൈന് പിന്തുണ നൽകാൻ നാറ്റോയുടെ സഖ്യകക്ഷികൾ പ്രതിജ്ഞാബദ്ധരാണ്. നാറ്റോ രാഷ്ട്രങ്ങളുടെ അതിർത്തികൾ സംരക്ഷിക്കാൻ വേണ്ടതെല്ലാം ഞങ്ങൾ ചെയ്യും’ സെക്രട്ടറി ജനറൽ വ്യക്തമാക്കി.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് റഷ്യ ഇപ്പോൾ നടത്തുന്നതെന്ന് നാറ്റോ രാജ്യങ്ങളുടെ യോഗത്തിന് ശേഷം സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പ്രതികരിച്ചു. നാറ്റോയുടെ ദുത്രപ്രതികരണ സേനയിൽ 40,000 സൈനികരുണ്ടെങ്കിലും എല്ലാവരെയും ഈ ഘട്ടത്തിൽ വിന്യസിക്കുന്നില്ലെന്നാണ് വിവരം. ഫ്രാൻസ് നേതൃത്വം നൽകുന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് വിഭാഗത്തെയാണ് നിലവിൽ ഉക്രൈൻ അതിർത്തികളിലേക്ക് നാറ്റോ വിന്യസിച്ചിരിക്കുന്നത്.
Post Your Comments