തിരുവനന്തപുരം: ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന സംസ്ഥാനത്തെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾക്കെതിരെ ബിജെപി നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള പേഴ്സണൽ സ്റ്റാഫ് സംവിധാനമാണ് കേരളത്തിലുള്ളത്. രാജ്യത്തെ നിയമങ്ങളൊന്നും ഇവിടെ ബാധകമല്ലെന്ന നിലപാടാണ് ഭരണ-പ്രതിപക്ഷത്തിനെന്നും അദ്ദേഹം പറഞ്ഞു.
പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളുടെയും പെൻഷന്റെയും പേരിൽ ഖജനാവ് കൊള്ളയടിക്കുന്ന സർക്കാരിനെതിരെ യുവമോർച്ച തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ ‘യൂത്ത് ഓൺ സ്ട്രീറ്റ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി 15% പേരെ തന്റെ പേഴ്സണൽ സ്റ്റാഫിൽനിന്നും പിരിച്ചുവിട്ടു. കേന്ദ്രമന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ വെറും 15 പേരാണുള്ളത്. കേരളത്തിലെ ചീഫ് വിപ്പിന്റെ സ്റ്റാഫിൽ പോലും 30 ഓളം പേരുണ്ട്. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിലും ഇതു തന്നെയാണ് അവസ്ഥയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments