NattuvarthaLatest NewsKeralaNews

പ്രിയപ്പെട്ട നാരായണിയ്ക്ക്, കെപിഎസി ലളിതയ്ക്ക് ഒരു കത്ത്

ഓർമ്മകളിൽ മായാതെ കിടക്കുന്നുണ്ട് നാരായണീ, നിങ്ങൾ വെട്ടിയ അഭിനയ ജീവിതം

പ്രിയപ്പെട്ട നാരായണീ, മരണം ഒന്നിന്റെയും അവസാനമല്ല. ഒരു തുടക്കം മാത്രമാണ്.
നിങ്ങൾ മരണപ്പെട്ടാലും ഈ ലോകം മുഴുവൻ നിങ്ങളെയോർക്കും, കാരണം ഇവിടെയുള്ള ഓരോന്നിലും നിങ്ങളുണ്ട്. എത്ര കാലം, എത്ര വേദികൾ, എത്രയെത്ര വേഷങ്ങൾ, ഒരുപക്ഷെ നിങ്ങൾ ഇല്ലല്ലോ എന്ന് ഒരിക്കലും തോന്നാത്തൊരു സമയത്ത് തന്നെയാണ് ജീവിതത്തിന്റെ മറ്റൊരു കോണിലേക്കുള്ള നിങ്ങളുടെ ഈ യാത്ര. നിങ്ങൾക്ക് പിറകെ തോരാമഴയുമായി ഈ ലോകം മുഴുവനുണ്ടായിരുന്നു. നിങ്ങൾ അതറിഞ്ഞിട്ടുണ്ടാവില്ല.

Also Read:റഷ്യൻ അധിനിവേശം തടയുന്നതും സമാധാനം പുലരുന്നതുമാണ് ലക്ഷ്യം, പ്രതീക്ഷ കൈവിടില്ല: അന്റോണിയോ ഗുട്ടറസ്

എവിടെ തുടങ്ങിയതാണ് ഈ ജീവിതമെന്ന് നിങ്ങൾക്ക് ഓർമ്മയുണ്ടോ, മൂന്ന് തലമുറകൾക്ക് മുൻപ് ഇവിടെ നിങ്ങളുണ്ടായിരുന്നു. വെള്ളിത്തിരയിൽ അമ്മയും അമ്മായിയും സഹോദരിയും കാമുകിയും അയൽക്കാരിയുമൊക്കെയായി നിങ്ങൾ അഭിനയിച്ചു തീർത്ത കഥാപാത്രങ്ങൾ ഇന്നും മലയാള സിനിമയുടെ ചരിത്ര സാമ്പാദ്യങ്ങളായി നിലനിൽക്കുന്നുണ്ട്.

ഒരു സ്ത്രീയുടെ എല്ലാ ഭാവങ്ങളും എത്ര ഭംഗിയിലാണ് നിങ്ങളിലൂടെ കടന്നു പോയിട്ടുള്ളത്. അനിയത്തിപ്രാവിൽ നിന്നും മനസ്സിനക്കരയിലേക്ക് തുടങ്ങി എത്രയെത്ര ഇമോഷനുകളെയാണ് കയ്യടക്കത്തോടെ നിങ്ങൾ അവതരിപ്പിച്ചത്. നിങ്ങളൊരു നികത്താനാവാത്ത നഷ്ടമാണ് നാരായണീ, അല്ലെങ്കിൽ എങ്ങനെയാണ് ഒരു ശബ്ദം കൊണ്ട് മാത്രം നിങ്ങൾ ഒരു മറക്കാനാവാത്ത ഒരു കഥാപാത്രത്തെ വരെ സൃഷ്ടിച്ചത്. എന്നെ ഓർക്കുമോ എന്ന മതിലുകൾക്കപ്പുറത്തെ നിങ്ങളുടെ ചോദ്യം ഇപ്പോഴും മലയാളികളുടെ ഓർമ്മയിൽ തന്നെയുണ്ട്.

നിങ്ങളില്ലാത്ത സിനിമയുണ്ടോ, എന്റെ ഓർമ്മയിൽ ഇല്ലെന്നാണ് തോന്നുന്നത്. ജഗതിച്ചേട്ടൻ കിടപ്പിലായപ്പോഴും, കല്പ്പന ചേച്ചി ഓർമ്മകളിലേക്ക് നടന്നുപോയപ്പോഴും എനിക്കിത് തന്നെയാണ് തോന്നിയത്. കെപിഎസി എന്ന നാടകവേദിയെ പോലും ഒരു പേരിലൂടെ ഇന്നത്തെ തലമുറകൾക്ക് പോലും പരിചിതമാക്കിയവരാണ് നിങ്ങൾ. നാരായണി കരഞ്ഞപ്പോഴൊക്കെ ഞങ്ങളും കരഞ്ഞു, നിങ്ങളുടെയാ ചിരി ഭൂമിയിലെ മറ്റൊന്നിനും നികത്താനാവില്ല. ഒരുപക്ഷെ മലയാള സിനിമ കണ്ട ഏറ്റവും മികച്ച സ്വാഭാവികമായ അഭിനയം കാഴ്ചവയ്ക്കുന്ന ആദ്യത്തെയാൾ പോലും നാരായണിയായിരിക്കും. നിങ്ങൾക്കതിൽ തെല്ലൊരു അഹങ്കാരം തന്നെയുണ്ട്. പ്രിയപ്പെട്ട ഭരതൻ സിനിമയെടുത്ത് പരീക്ഷിച്ച് ഒരു സുപ്രഭാതത്തിൽ നമ്മെക്കടന്നു പോയപ്പോൾ അദ്ദേഹത്തിന്റെ കടം വീട്ടാനും, മക്കളെ നോക്കാനും ഇറങ്ങിത്തിരിച്ച നിങ്ങൾ എനിക്കേറ്റവും പ്രിയപ്പെട്ട സ്ത്രീകളിൽ ഒരാളാണ്. നാരായണി കേൾക്കുന്നുണ്ടായിരിക്കും.

അവസാനമായി ഒന്നുകൂടി പറയാനുണ്ട്, നാരായണീ ആ ചുവന്ന പൂവ് നിങ്ങളിപ്പോൾ എന്ത് ചെയ്തിട്ടുണ്ടായിരിക്കുമെന്ന് ഞാൻ പറയട്ടെ, അത് നിങ്ങൾ ആ മുടിയിഴകളിൽ ഒളിപ്പിച്ചിട്ടുണ്ടായിരിക്കും.അതിന്റെ ഗന്ധം ഭൂമിയിൽ പരക്കും, സിനിമയുള്ള കാലം ആ ഗന്ധവും പേറി ഈ കാലങ്ങൾ ഇനിയും വന്നുപോയ്ക്കൊണ്ടേയിരിക്കും.

കടപ്പാട്: ആർ ജെ ഫെമിന

shortlink

Related Articles

Post Your Comments

Related Articles


Back to top button