
കണ്ണൂർ: തളിപ്പറമ്പിലെ വഖഫ് ഭൂമി തർക്കത്തിൽ വഴിത്തിരിവ്. വഖഫ് ബോർഡ് അവകാശമുന്നയിച്ച 600 ഏക്കറോളം ഭൂമിയുടെ ഉടമകൾ തങ്ങളാണെന്ന് നരിക്കോട്ട് ഇല്ലത്തെ അവകാശികൾ പറയുന്നു. തങ്ങളുടെ പൂർവികർ വാക്കാൽ പാട്ടത്തിന് നൽകിയ ഭൂമിക്കാണ് വഖഫ് ബോർഡ് ഇപ്പോൾ അവകാശമുന്നയിക്കുന്നതെന്നും ഇവർ പറയുന്നു. കണ്ണൂർ ഡിസ്ട്രിക്ട് മുസ്ലിം എജ്യുക്കേഷണൽ അസോസിയേഷൻ പറയുന്നതും ഇതുതന്നെയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വഖഫ് ബോർഡിനു ഭൂമി നൽകിയെന്നത് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണെന്ന് നരിക്കോട്ട് ഇല്ലത്തെ മുതിർന്ന കാരണവർ ചന്ദ്രശേഖരൻ നമ്പൂതിരിപ്പാട് പറയുന്നു. ഇത് വഖഫ് ബോർഡ് ഭൂമിയല്ലെന്നും തങ്ങളുടെ ഭൂമിയാണെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് നഗരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും ഒരുകാലത്ത് നരിക്കോട്ട് ഇല്ലത്തിന്റേതായിരുന്നു. നഗരത്തിലെ പലരുടെയും ആധാരങ്ങളിൽ ഉൾപ്പെടെ നരിക്കോട്ട് ഇല്ലത്തിന്റെ പേരു പരാമർശിച്ചിട്ടുമുണ്ട്. അങ്ങനെയിരിക്കേയാണ് തളിപ്പറമ്പിലെ 600 ഏക്കറോളം ഭൂമിക്ക് വഖഫ് ബോർഡ് അവകാശമുയർത്തിയത്.
ഇതേ ഭൂമിയിലാണ് കണ്ണൂർ ഡിസ്ട്രിക്ട് മുസ്ലിം എജ്യുക്കേഷണൽ അസോസിയേഷൻ 1967ൽ തളിപ്പറമ്പിൽ സർ സയ്യിദ് കോളജ് തുടങ്ങിയത്. പ്രസ്തുത ഭൂമി വഖഫ് സ്വത്താണെന്ന് അവകാശമുന്നയിച്ച് തളിപ്പറമ്പ് ജമാ അത്ത് വന്നപ്പോൾ ഇതിനെതിരേ എജ്യുക്കേഷണൽ അസോസിയേഷൻ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഭൂമി നരിക്കോട്ടില്ലത്തിന്റേതാണെന്ന് പറയുന്നുണ്ട്. നരിക്കോട്ട് ഇല്ലത്തിന്റെ അവകാശവാദത്തിന് ബലം നൽകുന്നതും എജ്യുക്കേഷണൽ അസോസിയേഷൻ നിലപാടാണ്.
Post Your Comments