
മല്ലപ്പള്ളി : എഴുമറ്റൂരില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമാകുന്നതായി പരാതി. കാടു കയറിയ കുഴല്‍ക്കിണര്‍ പരിസരം വൃത്തിയാക്കുന്നതിനോ, നന്നാക്കുന്നതിനോ അധികൃതര്‍ നടപടിയെടുത്തിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
റോഡ് അരുകുകളിലെ ഹാന്റ് പമ്പുകള്‍ കാടുകയറി കിടക്കുകയാണ്. കൊറ്റന്‍കുടി മുതല്‍ മാക്കാട് വരെ രണ്ട് കിലോമീറ്ററുകള്‍ക്കുള്ളില്‍ ഏഴ് കുഴല്‍ കിണറുകളാണ് ഉള്ളത്. ഇതില്‍ അഞ്ചെണ്ണം ഹാന്‍ഡ് പമ്പ് ഉള്ളവയാണെങ്കിലും രണ്ട് എണ്ണത്തില്‍ മാത്രമാണ് മിക്കപ്പോഴും ജലലഭ്യത ഉള്ളത്. രണ്ടെണ്ണം ചെറുകിട കുടിവെള്ള പദ്ധതികളാണെങ്കിലും വേങ്ങഴയിലെ പദ്ധതി മോട്ടര്‍ ഷെഡും പൈപ്പുകളുമായി ഒതുങ്ങി. ജലലഭ്യത ഇല്ലാത്ത പദ്ധതിയുടെ പുനരുദ്ധാരണത്തിനായി 2016-ല്‍ 127000 രൂപ മുടക്കിയിരുന്നു.
Read Also : പണിക്കന്‍കുടി വധക്കേസിലെ പ്രതിക്ക് മറ്റൊരു വധശ്രമക്കേസില്‍ നാല് വര്‍ഷം കഠിന തടവും പിഴയും
2006-ല്‍ തെക്കേമുറി പടിയില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മിച്ച് പദ്ധതി ആരംഭിച്ചു. എന്നാൽ, ആ വര്‍ഷത്തില്‍ തന്നെ പദ്ധതി മരവിച്ചു. പഞ്ചായത്തില്‍ ജലഅതോറിറ്റിയുടെ പൈപ്പുകള്‍ ഉണ്ടെങ്കിലും വിതരണം പേരിന് മാത്രമാണ്. ജലലഭ്യത ഉറപ്പുള്ള അട്ടക്കുഴിയിലെ കുഴല്‍ക്കിണറില്‍ ചെറുകിട ശുദ്ധജല പദ്ധതി ആരംഭിച്ചാല്‍ കൊറ്റന്‍ കുടി, പള്ളിക്കുന്ന്, വേങ്ങഴ, വേങ്ങഴത്തടം, ഞാറയ്ക്കാട്ട് പ്രദേശങ്ങളില്‍ ജലലഭ്യത ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
Post Your Comments