തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 മാർച്ച് 18 മുതൽ 25 വരെ സംഘടിപ്പിക്കുന്ന 26ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. ഡെലിഗേറ്റ് രജിസ്ട്രേഷൻ ഫെബ്രുവരി 26 ന് ആരംഭിക്കും. മേളയിലെ തിരഞ്ഞെടുത്ത ചിത്രങ്ങൾ ഉൾപ്പെടുത്തി ഏപ്രിലിൽ കൊച്ചിയിൽ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടന പ്രസംഗത്തിൽ പ്രഖ്യാപിച്ചു.
നാളെ (26.02.2022) രാവിലെ 10 മണി മുതൽ www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താവുന്നതാണ്. പൊതു വിഭാഗത്തിന് 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ച ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം. ഈ വർഷം മുതൽ വിദ്യാർഥികൾക്കും ഓഫ്‌ലൈൻ രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൊവിഡും പ്രളയവും പോലുള്ള ദുരിതങ്ങൾക്കിടയിലും മേള മുടക്കമില്ലാതെ നടത്തുന്നത് കലയിലൂടെയുള്ള അതിജീവനശ്രമമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 26ാമത് ഐ.എഫ്.എഫ്.കെയിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ മധ്യകേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നതോടെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പുതിയ ലോകസിനിമകള്‍ തിയേറ്ററില്‍ തന്നെ ആസ്വദിക്കാനുള്ള അവസരം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സാംസ്കാരിക വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ 26ാമത് ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
Post Your Comments