തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പെഡ്രോ ഫ്രയറിയുടെ ‘മാലു’ സ്വന്തമാക്കി. റിയോ ഡി ജനീറോയിലെ തീര്‍ത്തും അരക്ഷിതമായൊരു ചേരിയില്‍ ജീവിക്കുന്ന അമ്മയായ മാലുവിലൂടെ മൂന്ന് തലമുറകളുടെ ആത്മബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് മേളയിൽ ലഭിച്ചത്. നിശാഗന്ധിയില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമയുടെ സംവിധായകന്‍ പെഡ്രോ ഫ്രയറിയ്ക്ക് പുരസ്‌ക്കാരം സമ്മാനിച്ചു.
മികച്ച സംവിധായകനുള്ള രജതചകോര പുരസ്‌കാരത്തിന് ‘മി മറിയം ദി ചില്‍ഡ്രന്‍ ആന്‍ഡ് 26 അതേര്‍സ്’ സിനിമയുടെ സംവിധായകന്‍ ഫര്‍ഷാദ് ഹാഷ്മി അര്‍ഹനായി. പതിനാലു സിനിമകളാണ് ഇത്തവണ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്നത്. ഫെമിനിച്ചി ഫാത്തിമ, അപ്പുറം എന്നിവയാണ് ഈ വിഭാഗത്തില്‍ മത്സരിച്ച മലയാള സിനിമകള്‍.
മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെന്‍ ചിത്രം ദ ഹൈപ്പര്‍ബോറിയന്‍സ് സംവിധാനം ചെയ്ത ക്രിസ്റ്റോബല്‍ ലിയോണിനും ജോക്വിന്‍ കോസിനും. സിനിമയുടെ കലാ സംവിധായിക നതാലിയ ഗെയ്‌സിന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന്റെ സംവിധായിക പായല്‍ കപാഡിയക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
read also: ദുബായിയിലെ പുതുവർഷ ആഘോഷം : സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി യോഗം ചേർന്നു
മേളയിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയ ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ഫെമിനിച്ചി ഫാത്തിമയുടെ തിരക്കഥയ്ക്ക് ഫാസിൽ മുഹമ്മദ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറി പുരസ്‌കാരം നേടി. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാർഡും മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും സ്വന്തമാക്കിയ ഫെമിനിച്ചി ഫാത്തിമയാണ് മേളയിലെ മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രം. സിനിമ പുരസ്‌കാര നിർണയത്തിൽ ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ് പ്രത്യേക പരാമർശം നേടി. അവാർഡുകൾ ഏറ്റുവാങ്ങിയ ഫാസിൽ മുഹമ്മദിനെയും അണിയറ പ്രവർത്തകരെയും നിറഞ്ഞ കയ്യടിയോടെയാണ് കാണികൾ സ്വീകരിച്ചത്.
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ സാങ്കേതിക മികവിനുള്ള ജൂറിയുടെ പ്രത്യേക പരാമർശം ഈസ്റ്റ് ഓഫ് നൂണിന്റെ സംവിധായിക ഹല എൽകൗസിക്കാണ്. അപ്പുറത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനഘ രവിക്കും റിഥം ഓഫ് ദമാമിലെ അഭിനയത്തിന് ചിന്മയ സിദ്ധിക്കും മികച്ച പ്രകടനത്തിനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
നവാഗത സംവിധായകന്റെ മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം വിക്ടോറിയയുടെ സംവിധായിക ശിവരഞ്ജിനി ജെ സ്വന്തമാക്കി. നെറ്റ്പാക്ക് ജൂറി പ്രത്യേക പരാമർശം മിഥുൻ മുരളി സംവിധാനം ചെയ്ത കിസ് വാഗണിനാണ്. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്‌ഐ കെ ആർ മോഹനൻ അവാർഡ് അപ്പുറത്തിന്റെ സംവിധായിക ഇന്ദുലക്ഷ്മി സ്വന്തമാക്കി.
Post Your Comments