ബംഗളൂരു: ഹൈക്കോടതി ജഡ്ജിക്കെതിരെ പരാമര്‍ശം നടത്തിയ കന്നഡ നടനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ചേതന്‍ കുമാര്‍ അറസ്റ്റില്‍. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെതിരായ ട്വീറ്റാണ് അറസ്റ്റിന് കാരണം. ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് ഒരു ബലാത്സംഗക്കേസ് പരിഗണിക്കവെ നടത്തിയ വിവാദ പരാമര്‍ശമാണ് ചേതന്‍ കുമാര്‍ വീണ്ടും ചര്‍ച്ചയാക്കിയത്. ബലാംത്സംഗക്കേസില്‍ മോശം പരാമര്‍ശം നടത്തിയ ജഡ്ജിയാണ് ഹിജാബ് സ്‌കൂളില്‍ അനുവദിക്കണോ വേണ്ടയോ എന്ന കേസ് പരിഗണിക്കുന്നതെന്നും അദ്ദേഹത്തിന് ഈ വിഷയത്തിൽ വ്യക്തതയുണ്ടെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ചേതന്‍ കുമാര്‍ ചോദിച്ചത്.
ജഡ്ജിക്കെതിരെ രണ്ട് വര്‍ഷം മുമ്പത്തെ ബലാത്സംഗക്കേസാണ് നടന്‍ പരാമര്‍ശിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുകയായിരുന്നു. അതിക്രമിക്കപ്പെട്ട ശേഷം ഇര ഉറങ്ങിപ്പോയത് അസ്വഭാവികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ‘കൃത്യത്തിന് ശേഷം താൻ ക്ഷീണിതയായി ഉറങ്ങിപ്പോയെന്ന ഇരയുടെ വിശദീകരണം ഒരു ഇന്ത്യൻ സ്ത്രീക്ക് നിരക്കാത്തതാണ്. നമ്മുടെ സ്ത്രീകൾ അപമാനിക്കപ്പെടുമ്പോൾ പ്രതികരിക്കുന്നത് ഇങ്ങനെയല്ല’- ജസ്റ്റിസ് ദീക്ഷിത്ത് പരാമർശിച്ചു
Post Your Comments