CinemaLatest NewsNewsIndiaBollywoodEntertainment

എന്നാൽ താങ്കൾക്ക് എന്നെ കല്യാണം കഴിക്കാമോ? നെഹ്‌റുവിനെ ഞെട്ടിച്ച ചോദ്യം: ഗംഗയിൽ നിന്നും ഗംഗുഭായിലേക്കുള്ള വളർച്ച

കടുത്ത നിറക്കൂട്ടുകളും പൂക്കളുടെ മത്തുപിടിപ്പിക്കുന്ന മണവുമുള്ള കാമാത്തിപുര. ലക്ഷക്കണക്കിന് പെൺകുട്ടികളുടെ കണ്ണീർ വീണ്, വറ്റിയ ചുമന്ന തെരുവ്. അവർക്കൊരു രാജ്ഞി ഉണ്ടായിരുന്നു. അവരിൽ ഒരാളായി വന്ന്, അവരുടെ രക്ഷകയായി മാറിയവൾ. ഗംഗുഭായ് കത്തിയവാഡി ! അതവൾക്ക് കാലം കരുതി വെച്ച പേരായിരുന്നു. കാമാത്തിപുരയിൽ എത്തുമ്പോൾ അവൾ ഗംഗ ഹർജീവൻദാസ് ആയിരുന്നു. നിഷ്കളങ്കത വിട്ടുമാറാത്ത, പതിനേഴിലേക്ക് കാലെടുത്ത് വെച്ച ഇളം മനസ് ആയിരുന്നു അവൾക്ക്. ഗംഗ ഹർജീവൻദാസിൽ നിന്നും ആരും ഭയക്കുന്ന ഗംഗുഭായ് ആയുള്ള അവളുടെ വളർച്ച, അത് ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ചവുട്ടി അരയ്ക്കപ്പെട്ട ഇടങ്ങളിൽ നിന്നും ഫീനിക്സ് പക്ഷിയായി ഉയർത്തെഴുന്നേറ്റവൾ.

ഗംഗ ഹർജീവൻദാസിന്റെ യൗവ്വനം

ഗുജറാത്തിലെ ഒരു ഇടത്തരം കുടുംബത്തിലായിരുന്നു ഗംഗയുടെ ജനനം. 1939 ലായിരുന്നു കുഞ്ഞു ഗംഗ ജനിച്ചത്. വളർച്ചയിൽ സിനിമാ മോഹം ഉദിച്ചു. ഒരു നായികയാകണം എന്ന സ്വപ്നത്തിലേക്ക് അവൾ ചുവടുകൾ വെയ്ക്കാൻ കൊതിച്ചു. എന്നാൽ, എങ്ങനെ, എന്ത്, എവിടെ, എന്നൊന്നും അവൾക്ക് അറിയുമായിരുന്നില്ല. ഒന്ന് മാത്രം അറിയാം, സിനിമയിൽ എത്തണമെങ്കിൽ ആദ്യം മുംബൈയിൽ എത്തണം. അവിടെ എത്തിക്കിട്ടിയാൽ തന്നെ ആദ്യ കടമ്പ കഴിഞ്ഞു എന്നായിരുന്നു ആ 17 വയസുകാരി കരുതിയിരുന്നത്. അങ്ങനെയിരിക്കെ, വക്കീലായിരുന്ന അച്ഛന്റെ കടയിൽ കണക്കെഴുത്തുകാരനായി ഒരു മുംബൈക്കാരൻ ചെറുപ്പക്കാരൻ എത്തി. അയാളുമായി അവൾ അടുത്തു. ഗംഗയുടെ സിനിമാമോഹം സാധിച്ച് തരാമെന്ന് അയാൾ അവൾക്ക് വാക്കും കൊടുത്തു.

Also Read:ആലുവ കേന്ദ്രീകരിച്ച്‌ മനുഷ്യക്കടത്ത്: പകൽ ലോഡ്ജിൽ കഴിച്ചുകൂട്ടുന്ന അന്യസംസ്ഥാന യുവതികൾ പുറത്തിറങ്ങുക രാത്രിയിൽ മാത്രം

എന്നാൽ, തന്റെ ഗുമസ്ഥനുമായി മകൾ പ്രണയത്തിലാണെന്നറിഞ്ഞ അച്ഛൻ അവളെ താക്കീത് ചെയ്തു. മറ്റൊരു വിവാഹവും ആലോചിച്ചു. തന്റെ പ്രണയവും സിനിമാ മോഹവും എല്ലാം ഇവിടെ അവസാനിക്കുമല്ലോ എന്നോർത്ത് അവൾ അന്ന് രാത്രി പൊട്ടിക്കരഞ്ഞു. ഒടുവിൽ രണ്ടും കൽപ്പിച്ച് ഒരു തീരുമാനമെടുത്തു, ഒളിച്ചോട്ടം. അങ്ങനെ കാമുകനൊപ്പം അവൾ മുംബൈയ്ക്ക് വണ്ടി കയറി. അവൾ കണ്ട സിനിമയെന്ന സ്വപ്നത്തിലേക്ക്. ഗംഗയുടെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ഇത്. കാമുകൻ മുബൈയിൽ അവൾക്കായി ഒരുക്കിവെച്ച ചതിക്കുഴി അറിയാതെ, ഒരു നല്ല ജീവിതം സ്വപ്നം കണ്ട് അവൾ യാത്ര ആരംഭിച്ചു.

ഗംഗ കണ്ട മുംബൈ (കാമാത്തിപുര)

അന്ധേരിയിലെ ഒരു മുറിയിൽ ഇരുവരും കുറച്ച് നാളുകൾ കഴിഞ്ഞു. ഇതിനിടയിൽ കൈയ്യിലെ പണമെല്ലാം തീർന്നിരുന്നു. വിവാഹം നടത്തണമെങ്കിൽ പണം ആവശ്യമാണെന്നും ദൂരെയുള്ള സുഹൃത്തിനെ കണ്ട് പണം ഏർപ്പെടുത്തിയിട്ട് വരാമെന്നും കാമുകൻ അവളെ വിശ്വസിപ്പിച്ചു. താൻ തിരിച്ച് വരുന്നത് വരെ തന്റെ ചെറിയമ്മയ്‌ക്കൊപ്പം താമസിക്കണമെന്നും പറഞ്ഞ് അവളുടെ കാമുകൻ അവിടെ നിന്നും ഇറങ്ങി. അതിന് ശേഷം അവൾ അയാളെ കണ്ടിട്ടില്ല. അയാൾ ചെറിയമ്മ എന്ന് പരിചയപ്പെടുത്തിയ സ്ത്രീ അവളെ കൊണ്ടുചെന്നാക്കിയത് അവൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരിടത്തേക്കായിരുന്നു, കാമാത്തിപുര. അന്നത്തെ സ്ത്രീകളുടെ പേടിസ്വപ്നമായിരുന്ന ചുവന്ന തെരുവ്.

‘നിന്റെ കാമുകൻ വെറും 500 രൂപയ്ക്ക് നിന്നെ എനിക്ക് വിറ്റു’ എന്ന് ‘ചെറിയമ്മ’ പറഞ്ഞപ്പോൾ ആ ഇളം മനസ് അന്ധാളിച്ചു. കാമാത്തിപുരയിലെ അനേകം വേശ്യാലയങ്ങളിൽ ഒന്നിൽ അവർ അവളെ തള്ളിയിട്ടു. അച്ഛനാൽ, സഹോദരനാൽ, ഭർത്താവിനാൽ, കാമുകനാൽ വഞ്ചിക്കപ്പെട്ട് ചുവന്ന തെരുവിലേക്ക് വലിച്ചെറിയപ്പെട്ട അനേകം പെൺകുട്ടികളിൽ ഒരുവളായി അവൾ മാറി. പുതിയൊരിടം, അവൾ ആഗ്രഹിക്കാത്ത, വിദൂരതയിൽ പോലും കണ്ടിട്ടില്ലാത്ത ഇടം.

കാമാത്തിപുരയിലെ ആദ്യ ദിനം (അവൾക്ക് കരിദിനം)

ഭയമായിരുന്നു അവൾക്ക്. എങ്ങോട്ടെങ്കിലും ഇറങ്ങിയോടാൻ കൊതിച്ചു. ഒന്നിനും കഴിയുമായിരുന്നില്ല. അവൾ അകപ്പെട്ട ചുഴി അവളെയും കൊണ്ടേ പോകുമായിരുന്നുള്ളു. അതിന്റെ ആഴം, അത് അവൾ അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല. ആദ്യ ദിവസം കരഞ്ഞ് തീർത്തു. രണ്ടാമത്തെ ദിവസവും അത് തന്നെ. അതവളുടെ പ്രതിഷേധമായിരുന്നു. കരഞ്ഞാൽ, ഒന്നിനും സമ്മതിക്കാതിരുന്നാൽ തന്നെ പറഞ്ഞുവിടുമെന്ന് വെറുതെ മോഹിച്ചു. നാല് അഞ്ച് ദിവസം കരഞ്ഞും ഭക്ഷണം കഴിക്കാതെയും അവൾ തന്റെ പ്രതിഷേധവും എതിർപ്പും പ്രകടിപ്പിച്ചു. അതിനപ്പുറത്തേക്ക്, എന്തെങ്കിലും ചെയ്യാൻ അവൾക്ക് കഴിയുമായിരുന്നില്ല. പതുക്കെ മറ്റാരെയും പോലെ കാമാത്തിപുരയിലെ ഒരംഗമായി അവൾ മാറി. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു.

കാമാത്തിപുരയുടെ സ്വന്തം ഗംഗു അഥവാ ‘കാമഠിപുര കാ ഗംഗു’

ഒന്നുമറിയാതെ, ഭയന്ന് മാറി നിന്നിരുന്ന പതിനേഴുകാരിയിൽ നിന്നും ഗംഗ ഒരുപാട് മാറി. തനിക്കൊരു മടക്കയാത്ര ഇല്ലെന്ന് അവൾ തിരിച്ചറിഞ്ഞു. കാമാത്തിപുരയിലെ ചുവന്ന തെരുവിൽ അങ്ങനെ അവളും വളർന്നു. കാമാത്തിപുരയിലെ വേശ്യാലയങ്ങളിലെ ഏറ്റവും ആകർഷണീയത ഉള്ള പെണ്ണായി അവൾ മാറി. ‘കാമഠിപുര കാ ഗംഗു’ ആയി മാറി. ആര് വന്നാലും ആദ്യം അവളെ അന്വേഷിക്കും. പ്രമുഖരുടെ സ്വന്തം ആളായി ഗംഗ വളർന്നു. ഒരു ഗുണ്ടാ നേതാവ് ഒരിക്കൽ ഗംഗുവിന്റെ സൗന്ദര്യത്തിൽ മതിമറന്ന് അവളെ ഒരു രാത്രിയിലേക്ക് സ്വന്തമാക്കി. എന്നാൽ, അന്നേവരെ അവൾ അനുഭവിച്ച രാത്രികളേക്കാൾ ഭയാനകമായിരുന്നു ആ ദിവസം. ഇരയെ കിട്ടിയ വേട്ടക്കാരനെ പോലെ അയാൾ അവളെ കടിച്ചുകീറി.

Also Read:ഇരയുടെ കുടുംബം മാപ്പ് നൽകിയതോടെ വധശിക്ഷയിൽ നിന്ന് മോചിക്കപ്പെട്ടു: സന്തോഷം കൊണ്ട് യുവാവ് ഹൃദയം പൊട്ടി മരിച്ചു

അയാളുടെ ക്രൂരത അവളെ ശാരീരികമായി തളർത്തി. ഒടുവിൽ, മനസിനെ പാകപ്പെടുത്തി വീണ്ടും തൊഴിലിൽ സജീവമായപ്പോൾ അയാൾ വീണ്ടും വന്നു. അവളെ കടിച്ചു കീറിയ ആ അജാനുബാഹു. ഗംഗുവിന്റെ സൗന്ദര്യത്തിൽ മതിമറന്ന അയാൾ വീണ്ടും അവളെ തന്നെ ആവശ്യപ്പട്ടു. പറ്റില്ലെന്ന് അവൾ തറപ്പിച്ച് പറഞ്ഞു. പക്ഷെ, ആർക്കും നൽകാത്ത അത്ര തുക വാഗ്ദാനം ചെയ്ത് അയാൾ അവളെ വാങ്ങി. ഇത്തവണ, തന്നെ നിരസിച്ചതിലുള്ള വൈരാഗ്യവും അയാൾക്കുണ്ടായിരുന്നു. അയാൾ വന്ന് പോയ ശേഷം നേരാംവണ്ണം ഒന്നെഴുന്നേറ്റിരിക്കാൻ ഗംഗുവിന് ഒരാഴ്ചയോളം വേണ്ടി വന്നു. അതും ആശുപത്രിയിൽ. ആശുപത്രിയിലെ മടുപ്പിക്കുന്ന ഗന്ധത്തിലും അവളെ ശ്വാസം മുട്ടിച്ചത് അയാളുടെ ക്രൂരതകളായിരുന്നു. ആ ക്രൂരമായ ഓർമ്മകൾ തന്നെ ഓരോ രാത്രിയും കാർന്ന് തിന്നുമെന്ന് തിരിച്ചറിഞ്ഞ ഗംഗ ആശുപത്രി വിട്ടയുടൻ അയാൾ ആരാണെന്നറിയാൻ അന്വേഷിച്ചിറങ്ങി.

അന്നേവരെ കാമാത്തിപുരയിലെ പെണ്ണുങ്ങൾ ആരും ചെയ്തിട്ടില്ലാത്ത പ്രവൃത്തി. കസ്റ്റമറെ തേടിയുള്ള യാത്ര. അതവസാനിച്ചത് കരീംലാല എന്ന മാഫിയ ഡോണിന്റെ അടുത്ത്. കരിം ലാലയുടെ സംഘത്തിലെ പ്രധാനിയായ ഷൗക്കത്ത് ഖാനെ ആണ് താൻ തേടിയിറങ്ങിയതെന്ന് ഗംഗു മനസിലാക്കി. അങ്ങനെ, അവൾ കരിം ലാലയെ കാണാൻ തീരുമാനിച്ചു. അന്ന് മുംബൈ വിറപ്പിച്ചിരുന്ന കരിം ലാലയുടെ വീട്ടിലേക്ക് അനുവാദമില്ലാതെ, കയറാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. പോലീസ് പോലും ഭയന്നിരുന്ന ആ വീട്ടിലേക്ക് ഒരു ആയുധത്തിന്റെയും കൂട്ടില്ലാതെ അവൾ കയറിച്ചെന്നു. കരിം ലാലയെ കണ്ടു, തന്റെ ആവശ്യം പറഞ്ഞു. ആരും വരാൻ ഭയക്കുന്ന തന്റെ വീട്ടിലേക്ക് ധൈര്യത്തോടെ കയറി വന്ന ഗംഗുവിനെ അയാൾക്ക് നന്നേ ബോധിച്ചു. അവളുടെ ധൈര്യം അയാൾക്ക് ഇഷ്ടമായി. ഇനി അവൻ വന്നാൽ, എന്നെ അറിയിക്കാൻ കരിം ലാല ഗംഗുവിനോട് പറഞ്ഞു. അയാളുടെ മറുപടി അവളെ അമ്പരപ്പിച്ചു. സഹായിക്കാമെന്ന് വാക്ക് നൽകിയപ്പോൾ തന്റെ പഴ്സിൽ കരുതിയിരുന്ന ഒരു രാഖിയെടുത്ത് ഗംഗു കരിം ലാലയുടെ കയ്യിൽ കെട്ടി. അങ്ങനെ അവർ ബായി-ബഹൻ ആയി. 1960 -കളിലെ ആ കൂടിക്കാഴ്ച അവളുടെ ജീവിതം മാറ്റി മറിച്ചു.

കരിം ലാലയെന്ന സംരക്ഷകൻ

കരിം ലാല നൽകിയ വാക്ക് പാലിച്ചു. ആർത്തി പൂണ്ട ഷൗക്കത്ത് ഖാൻ വീണ്ടും ഗംഗയെ തേടിയിറങ്ങി. എന്നാൽ, മൂന്നാം വരവ് അയാളുടെ അവസാനത്തെ വരവായിരുന്നു. കാമാത്തിപുരയിൽ ഷൗക്കത്തിനെ കാത്തിരുന്നത് കരിം ലാല ആയിരുന്നു. ഷൗക്കത്തിനെ കരിം ലാല കൊന്നു. ആരെങ്കിലും തന്റെ സഹോദരിയെ തൊട്ടാൽ ഇതായിരിക്കും ഫലമെന്ന് മുന്നറിയിപ്പും നൽകി. അങ്ങനെ, ഗംഗ പതുക്കെ ഗംഗുഭായ് ആയി വളർന്നു. കരീംലാലയുമായുള്ള ബന്ധം അവൾക്ക് ഏറെ ഗുണം ചെയ്തു. തന്റെ സഹോദരിയെ ഉപദ്രവിക്കുന്നവർ ആരായിരുന്നാലും അവരെയെല്ലാം തീർക്കാൻ കരീംലാല റെഡി ആയിരുന്നു. റെഡ് സ്ട്രീറ്റിൽ അവൾ ഒരു വേശ്യാലയം തുടങ്ങി. അധോലോകവുമായുള്ള അവളുടെ ബന്ധത്തിലൂടെ ഗംഗുഭായ് പതുക്കെ ചുവന്ന തെരുവിന്റെ അധികാരം പിടിച്ചെടുത്തു. നിരവധി വേശ്യാലയങ്ങൾ ഇതിനോടകം സ്വന്തമാക്കിയ അവൾ ‘കാമാത്തിപുരയുടെ മാഡം അഥവാ ക്വീൻ’ എന്നറിയപ്പെട്ടു. അവൾക്ക് ഒരു കറുത്ത ബെന്റ്ലി സ്വന്തമായിട്ടുണ്ടായിരുന്നു. അക്കാലത്ത് അത് സ്വന്തമാക്കിയ ഏക വേശ്യാലയ ഉടമ അവരായിരുന്നു.

കാമാത്തിപുരയിലെ പുതിയ നിയമം

ഗംഗുവിന്റെ സമ്മതമില്ലാതെ കാമാത്തിപുരയിൽ ഒരു സൂര്യനും അസ്തമിച്ചിരുന്നില്ല എന്ന് അവരെ കുറിച്ച് ചോദിക്കുമ്പോൾ ഇപ്പോഴും കാമാത്തിപുരയിലെ അന്തേവാസികൾ പറയുന്നു. പുതിയ നിയമങ്ങളും നിയമപരിഷ്കാരങ്ങളും ഗംഗുഭായ് നടപ്പിലാക്കി. കാമാത്തിപുരയുടെ പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് അവളെ അവർ അവരോധിച്ചു. സ്ത്രീ ശാക്തീകരണത്തിനായി ഒരു പരിപാടിയിൽ മുഖ്യാതിഥിയായി പ്രസംഗിക്കാൻ പോലും അവൾക്കായി. തന്റെ തൊഴിൽ ചെയ്യുന്നവർക്കായി അവൾ വാദിച്ചു. സ്വന്തം ഇഷ്ടപ്രകാരം അല്ലാതെ കാമാത്തിപുരയിലേക്ക് എത്തിപ്പെടുന്ന എല്ലാ പെൺകുട്ടികളെയും അവൾ വീടുകളിലേക്ക് മടക്കി അയച്ചു. ലൈംഗികത്തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്ക് വേണ്ടിയും അവരുടെ ഉന്നമനത്തിന് വേണ്ടിയും അവൾ പ്രവർത്തിച്ചു. ആസാദ് മൈതാനത്ത് അവൾ നടത്തിയ പ്രസംഗം അന്നത്തെ എല്ലാ പ്രമുഖ പത്രങ്ങളും മുൻപേജിൽ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. കാമാത്തിപുരയിൽ ജനിച്ച് വീഴുന്ന ഓരോ പെൺകുഞ്ഞിനും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തി. അനുവാദമില്ലാതെ ഒരു ഗുണ്ടാസംഘമോ മാഫിയാ അംഗങ്ങളോ കാമാത്തിപുരയുടെ ഗേറ്റ് കടക്കരുതെന്ന് വാണിംഗ് നൽകി. കാര്യങ്ങളെല്ലാം ശുഭകരമായ രീതിയിൽ പോകുന്നതിനിടെയാണ് കാമാത്തിപുരയെ ഞെട്ടിച്ച് സർക്കാർ പുതിയ ഉത്തരവ് ഇറക്കിയത്. കാമാത്തിപുരയിലെ ചുവന്ന തെരുവ് ഒഴിപ്പിക്കുക. അതോടെ, കാര്യങ്ങൾ വീണ്ടും അവതാളത്തിലായി.

അവകാശങ്ങൾക്ക് വണ്ടിയുള്ള പോരാട്ടവും നെഹ്‌റുവിനെ ഞെട്ടിച്ച ചോദ്യവും

ഗംഗുഭായ് തന്റെ ജീവിതത്തിൽ ലൈംഗികത്തൊഴിലാളികൾക്ക് വേണ്ടി മാത്രമായിരുന്നില്ല പ്രവർത്തിച്ചിരുന്നത്. അനാഥരായ അനേകം കുട്ടികൾക്കും അവർ ഒരു താങ്ങായി മാറി. ഗംഗുഭായ് നിരവധി കുട്ടികളെ ദത്തെടുത്തു. ഈ കുട്ടികൾ ഒന്നുകിൽ അനാഥരോ അല്ലെങ്കിൽ ഭവനരഹിതരോ ആയിരുന്നു. ഈ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ചുമതലയും ഗംഗുഭായിക്കായിരുന്നു. കാമാത്തിപുര ഒഴിപ്പിക്കണമെന്ന സർക്കാർ തീരുമാനത്തെ ഗംഗുഭായിയും സംഘവും എതിർത്തു. ഈ ആവശ്യവുമായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിനെ ഗംഗുഭായ് നേരിൽ ചെന്ന് കണ്ടിരുന്നു എന്ന് എഴുത്തുകാരനായ ഹുസൈൻ സെയ്ദി തന്റെ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ഹുസൈന്റെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകം ഗംഗുഭായിയുടെ ജീവിതമായിരുന്നു. നെഹ്‌റു-ഗംഗുഭായ് കൂടിക്കാഴ്ചയെ കുറിച്ച് ഔദ്യോഗിക രേഖകൾ ഒന്നുമില്ലെങ്കിലും ഹുസൈൻ തന്റെ പുസ്തകത്തിൽ അതിനെ കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്.

Also Read:പണ്ട് എഴുതിയ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നത് പോലെയാണ് പലപ്പോഴും ലേലത്തിനായുള്ള കാത്തിരിപ്പ്: റോബിന്‍ ഉത്തപ്പ

കാമാത്തിപുരയിൽ നിന്നും ഒഴിഞ്ഞുപോകണമെന്നും നിങ്ങൾക്ക് ഒരു കല്യാണമൊക്കെ കഴിച്ച് കുടുംബമൊക്കെയായി ജീവിച്ചുകൂടെ എന്ന് നെഹ്‌റു ഗംഗുഭായിയോട് ചോദിച്ചുവെന്നാണ് പുസ്തകത്തിൽ പരാമർശിക്കുന്നത്. എന്നാൽ, ഇതിന് അവൾ നൽകിയ മറുപടി നെഹ്‌റുവിനെ ഞെട്ടിച്ചു. ‘എന്നാൽ താങ്കൾക്ക് എന്നെ കല്യാണം കഴിക്കാമോ’? എന്ന് മറുചോദ്യം ചോദിച്ച ശേഷം, ഉപദേശിക്കാൻ എളുപ്പമാണെന്നും അതിന് ആർക്കും കഴിയുമെന്നും എന്നാൽ, ജീവിച്ച് കാണിക്കാനാണ് പാടെന്നും പറഞ്ഞ് നെഹ്‌റുവുമായുള്ള കൂടിക്കാഴ്ച ഗംഗുഭായ് അവസാനിപ്പിച്ചു. അവളുടെ വിവേകത്തിൽ അദ്ദേഹത്തിന് ബഹുമാനം തോന്നുകയും ചുവന്ന തെരുവ് സംരക്ഷിക്കാനുള്ള അവളുടെ നിർദ്ദേശത്തിന് അദ്ദേഹം അംഗീകാരം നൽകുകയും ചെയ്തു.

ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സർക്കാർ കാമാത്തിപുര ഒഴിപ്പിക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് പറയപ്പെടുന്നത്. പിന്നീട്, രാജ്യത്തെ റെഡ് ലൈറ്റ് ഏരിയകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള സജ്ജീകരണങ്ങൾ സർക്കാർ നടത്തി. ലൈംഗികത്തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ നടപ്പിലാക്കണമെന്നും സമൂഹത്തിലെ മറ്റ് ആളുകൾക്ക് ലഭിക്കുന്നതുപോലെ തന്നെ ലൈംഗിക വ്യവസായത്തിലെ സ്ത്രീകൾക്കും തുല്യാവകാശം ലഭിക്കുകയും അവരുടെ തൊഴിൽ മാന്യമായി ചെയ്യാൻ സാധിക്കത്തക്ക വിധത്തിൽ എന്തെങ്കിലും ചെയ്യണമെന്ന ഗംഗുഭായിയുടെ ആവശ്യപ്രകാരമായിരുന്നു സർക്കാരിന്റെ പുതിയ സജ്ജീകരണങ്ങളും പ്രവർത്തനങ്ങളുമെന്നുമാണ് സൂചന.

അവളുടെ ജീവിതത്തിന്റെ അവസാനകാലത്ത്, വേശ്യാവൃത്തിയിലേക്ക് തള്ളപ്പെടുന്ന സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവളായി ഗംഗുഭായ് മാറിയിരുന്നു. ലൈംഗിക തൊഴിലാളികളെ ഒരു കാഴ്ചവസ്തുവിനെ പോലെ കാണുന്നവരുടെ പേടിസ്വപ്നമായിരുന്നു ഗംഗുഭായ്. 2008-ൽ തന്റെ 68 ആമത്തെ വയസ്സിൽ ഗംഗുഭായ് അന്തരിച്ചു എന്നാണ് പറയപ്പെടുന്നത്. മരിക്കുമ്പോൾ അവർക്ക് സ്വന്തമായി കുട്ടികളില്ലായിരുന്നു. എന്നിരുന്നാലും നാല് കുട്ടികളെ അവർ സ്വന്തം മക്കളായി കണ്ട് ദത്തെടുത്തിരുന്നു. മരണശേഷം ഗംഗുഭായിക്ക് വേണ്ടി കാമാത്തിപുരക്കാർ ഒരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. നിരവധി വേശ്യാലയങ്ങളുടെ ‘ഐശ്വര്യ മുഖം’ ഇപ്പോഴും ഗംഗുഭായ് ആണ്.

അപർണ

shortlink

Related Articles

Post Your Comments

Related Articles


Back to top button