ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ദീര്‍ഘകാലം പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ പലരേയും ഇനി സന്ദര്‍ശക ഗ്യാലറിയില്‍ കാണാമെന്നും അദ്ദേഹം പരിഹസിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. അമേരിക്കൻ, ചൈനീസ് എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യക്കാർ മടിയന്മാരാണെന്നും അവർക്ക് ബുദ്ധി കുറവാണെന്നും ജവഹർലാൽ നെഹ്‌റു കരുതിയിരുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചുള്ള നന്ദിപ്രമേയത്തിന് നൽകിയ മറുപടിയിൽ, പ്രധാനമന്ത്രി മോദി ഇന്ദിരാഗാന്ധിയെയും വിമർശിച്ചു. ഇന്ത്യക്കാർ ബുദ്ധിമുട്ടുകളിൽ നിന്ന് ഓടിപ്പോകുന്നു എന്ന ഇന്ദിരാഗാന്ധിയുടെ പരാമർശത്തെയാണ് അദ്ദേഹം പരിഹസിച്ചത്. ഇന്ത്യക്കാർക്ക് പൊതുവെ കഠിനാധ്വാനം ചെയ്യുന്ന ശീലമില്ല, യൂറോപ്പിലെയോ ജപ്പാനിലെയോ ചൈനയിലെയോ റഷ്യയിലെയോ അമേരിക്കയിലെയോ ആളുകളെപ്പോലെ ഞങ്ങൾ ജോലി ചെയ്യുന്നില്ല എന്നായിരുന്നു നെഹ്‌റു പറഞ്ഞിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ കാര്യം മാത്രമാണ് ചിന്തിച്ചത്. കുടുംബാധിപത്യം കോണ്‍ഗ്രസിനെ നശിപ്പിച്ചു. ക്രിയാത്മക പ്രതിപക്ഷമാകുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. പ്രതിപക്ഷത്ത് ദീർഘകാലം തുടരാനുള്ള തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു. പതിറ്റാണ്ടുകൾ സർക്കാർ അധികാരത്തിലിരുന്ന അതേ രീതിയിൽ നിങ്ങൾ പ്രതിപക്ഷത്ത് ഇരിക്കാൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ, നിങ്ങളുടെ ആഗ്രഹം ജനങ്ങൾ സാക്ഷാത്കരിക്കും’, മോദി പരിഹസിച്ചു.
Post Your Comments