കാക്കനാട്: രണ്ടര വയസുകാരിയ്ക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞിന് ഒപ്പം താമസിച്ച ആന്റണി ടിജിൻ എന്ന യുവാവിനെ കാണാനില്ല. ഇയാൾ കുഞ്ഞിന്റെ അമ്മയുടെ സഹോദരിയുടെ ഭർത്താവ് അല്ല, പങ്കാളിയാണ് എന്നാണിപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചശേഷം ഇയാളും കുഞ്ഞിന്റെ അമ്മയുടെ സഹോദരിയും രക്ഷപ്പെടുകയായിരുന്നു. ഇവർ താമസിക്കുന്ന ഫ്ലാറ്റിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് ഇത് വ്യക്തമായത്.
ഭർത്താവുമായി വേർപിരിഞ്ഞാണു കുട്ടിയുടെ അമ്മയുടെ താമസം. സഹോദരിയും അമ്മയും സഹോദരിയുടെ ഭർത്താവെന്നു പറയുന്ന യുവാവും ഇവർക്കൊപ്പം വാടക വീട്ടിൽ താമസിക്കുന്നുണ്ട്. ഇവരെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഒരു മാസം മുൻപാണ് ആന്റണി ഫ്ലാറ്റിൽ എത്തിയത്. ഇയാൾ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തത് താൻ സൈബർ പോലീസ് ആണെന്ന് പരിചയപ്പെടുത്തിയാണ്. ഫ്ലാറ്റിൽ ഉള്ള സ്ത്രീകളും ഇയാളും അയൽവാസികളുമായി ഒരു ബന്ധവും പുലർത്തിയിരുന്നില്ല.
തെങ്ങോടുള്ള ഫ്ലാറ്റിൽ വാടകയ്ക്കു താമസിക്കുന്ന കുമ്പളം സ്വദേശിനിയുടെ മകളാണ് അക്രമത്തിനിരയായത്. ഞായറാഴ്ച രാത്രി അമ്മയും മുത്തശ്ശിയും ചേർന്നാണ് അബോധാവസ്ഥയിലായ ബാലികയെ ആദ്യം പഴങ്ങനാട് ആശുപത്രിയിലെത്തിച്ചത്. സംശയം തോന്നിയ ഡോക്ടർ പൊലീസിനു വിവരം നൽകി. ബാലികയുടെ നില ഗുരുതരമായതിനാൽ രാത്രി തന്നെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കുട്ടിക്ക് തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ട്. ഇടതു കയ്യിൽ 2 ഒടിവുണ്ട്. തല മുതൽ കാൽപാദം വരെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ മുറിവുകളുടെ പാടുണ്ട്. മുതുകിൽ പൊള്ളലേറ്റിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലുള്ള ബാലികയുടെ 72 മണിക്കൂർ നിർണായകമാണെന്നു ഡോക്ടർമാർ പറഞ്ഞു. ഹൈപ്പർ ആക്ടീവായ കുട്ടി സ്വയം ചെയ്തതാണെന്നു അമ്മ മൊഴി നൽകിയെങ്കിലും പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല. ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു.
Post Your Comments