
ന്യൂഡല്‍ഹി: രാജ്യവിരുദ്ധ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ ചില ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സിഖ് ഫോര്‍ ജസ്റ്റിസുമായി ബന്ധമുള്ള ചില ആപ്പുകളാണ് കേന്ദ്രം നിരോധിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ചാണ് നിരോധനം. നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസുമായി ബന്ധപ്പെട്ട പഞ്ചാബ് പൊളിറ്റിക്സ് ടിവിയുടെ ഡിജിറ്റല്‍ മീഡിയകള്‍ക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തി.
ടിവിയുമായി ബന്ധപ്പെട്ട ആപ്പുകള്‍, വെബ്സൈറ്റ്, സമൂഹ മാധ്യമ അക്കൗണ്ടുകള്‍ എന്നിവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശത്ത് പ്രവര്‍ത്തിക്കുന്ന സിഖ് ഫോര്‍ ജസ്റ്റിസുമായി ഇവയ്ക്ക് ബന്ധമുണ്ടെന്നും യുഎപിഎ നിയമപ്രകാരം ഈ സംഘടന രാജ്യത്ത് നിരോധിക്കപ്പെട്ടതാണെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.
വിഘടനവാദവും വിഭാഗീയതയും ഉണ്ടാക്കാന്‍ സാധ്യതയുള്ള ഉള്ളടക്കമാണ് ഇവയിലുള്ളതെന്നും അത് രാജ്യത്തിന്റെ പരമാധികാരത്തേയും സുരക്ഷയേയും ദോഷകരമായി ബാധിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 2019ലാണ് സിഖ് ഫോര്‍ ജസ്റ്റിസ് ഗ്രൂപ്പിന് യുഎപിഎ പ്രകാരം രാജ്യത്ത് നിരോധനമേര്‍പ്പെടുത്തുന്നത്. തീരുമാനത്തിനെതിരെ എസ്ജെഎഫ് കോടതിയെ സമീപിച്ചിരുന്നെങ്കിലും നിരോധനം തുടരാന്‍ യുഎപിഎ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
Post Your Comments