ഇടിഞ്ഞാർ: തിരുവനന്തപുരം ജില്ലയിലെ ഇടിഞ്ഞാർ ഗ്രാമത്തിലെ അഞ്ച് പെൺകുട്ടികളുടെ നാടിനെ ഞെട്ടിച്ച മരണത്തിലെ ദുരൂഹതകൾ ഇനിയും നീങ്ങിയിട്ടില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണത്തിന് പിന്നിൽ നാട്ടിലെ തന്നെ ഒരുകൂട്ടം യുവാക്കളാണ്. പെരിങ്ങമല ഇടിഞ്ഞാര്‍, കൊച്ചുവിള ആദിവാസി ഊരുകളിൽ രണ്ട് മാസത്തിനിടെ അഞ്ച് പെണ്‍കുട്ടികള്‍ ആണ് ആത്മഹത്യ ചെയ്തത്. അഞ്ച് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടും സര്‍ക്കാര്‍ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. അതീവ പരിഗണന അര്‍ഹിക്കുന്ന ഈ മേഖലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് വാസ്തവം.
മരിച്ച പെൺകുട്ടികൾ എല്ലാം പഠനത്തിൽ മിടുക്കരായിരുന്നു. പെൺകുട്ടികളുടെ മരണത്തിന് പിന്നിൽ കഞ്ചാവ് ലോബി ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കേസ് അന്വേഷിച്ച പോലീസും ഇതേ നിഗമനത്തിൽ എത്തിയിരുന്നു. പെരിങ്ങമ്മല ഇടിഞ്ഞാർ വിട്ടിക്കാവ് ഊരിലെ പതിനേഴുകാരി, അഗ്രിഫാം ഒരുപറ കരിക്കകം ഊരിലെ പതിനാറുകാരി, അഗ്രിഫാം മേഖലയിലെ തന്നെ ഒരുപറ ഊരിലെ പത്തൊൻപതുകാരി, വിതുര ആനപ്പാറ നാരകത്തിൻകാല ഊരിലെ പതിനെട്ടുകാരി, വിതുര ചെമ്പിക്കുന്ന് ഊരിലെ പതിനെട്ടുകാരി എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ രണ്ട് മാസത്തെ ഇടവേളയിൽ ആത്മഹത്യ ചെയ്തത്. ലഹരി മാഫിയയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൂന്ന് പ്രതികൾ പിടിയിലായിരുന്നു.
Also Read:ആന്ധ്രാമന്ത്രി എം. ഗൗതം റെഡ്ഡി അന്തരിച്ചു: മരണം ദുബായിൽ നിന്ന് മടങ്ങിവന്നതിന് പിന്നാലെ
അറസ്റ്റിലായവരിൽ രണ്ട് ചെറുപ്പക്കാർ ആദിവാസി മേഖലകളിൽ നിന്നുള്ളവരല്ല. ആസൂത്രിതമായി, പഠിക്കാൻ മിടുക്കികളായ ചുറുചുറുക്കുള്ള ആദിവാസി ഊരുകളിലെ പെൺകുട്ടികളെ ഇവർ ലക്ഷ്യം വെക്കുന്നുണ്ട് എന്നാണ് ആരോപണം. നിലവിൽ ലൈംഗിക ചൂഷണത്തിന് ഉൾപ്പെടെ വിധേയരായ പെൺകുട്ടികൾ ഊരുകളിൽ ഉണ്ടെന്നും പലരും പേടിച്ചു പുറത്തു പറയാത്തതാണെന്ന റിപ്പോർട്ടുകളുമുണ്ട്. മേഖലയിൽ മദ്യവും മയക്കു മരുന്നുമായി യുവാക്കൾ പിടിമുറുക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
പെൺകുട്ടികളെ ലഹരി സംഘം ട്രാപ്പിലാക്കുന്നുണ്ട് എന്ന് പലതവണ പോലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് ആദിവാസി ഊരിലെ മൂപ്പൻ പറയുന്നത്. അഞ്ച് പെൺകുട്ടികൾക്കും യുവാക്കൾ ലഹരി വസ്തുക്കൾ നൽകി, തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. പതിനാറും പതിനേഴും വയസുള്ള വിദ്യാര്‍ഥിനികളെയാണ് ഇരകളാക്കുന്നത്. മുൻപ് ഇക്കാര്യം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചൂണ്ടിക്കാണിച്ചിരുന്നു. ‘മാസ്റ്റർ ബ്രെയിൻ’ ആണ് ഇപ്പോൾ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് കൊണ്ടു വന്നിരിക്കുന്നത്. പെൺകുട്ടികളെ മയക്കി അവരുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കി ഇതുവെച്ച് അവരെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ആദ്യത്തെ പെൺകുട്ടി മരിച്ച സമയത്ത് ആരും വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നില്ല. എന്നാൽ, രണ്ടാമത്തെ പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് പിതാവിനോട് തങ്ങൾക്ക് സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞിരുന്നു. ഒരു ട്രാപ്പിൽ പെട്ടിരിക്കുകയാണെന്നും അതിൽ നിന്നും രക്ഷപെടാൻ കഴിയുന്നില്ല എന്നുമായിരുന്നു പെൺകുട്ടി പറഞ്ഞിരുന്നത്. പിന്നിൽ, അലൻ എന്ന യുവാവ് ആണെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി ഉണ്ടായിരുന്നു. ഒപ്പം, മയക്കുമരുന്നിന് അടിമയായിരുന്നു എന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
‘ഒരു വെറ്റില പോലും മുറുക്കാത്ത ആളാണ് ഞാൻ. എന്റെ മകൾ ഇങ്ങനെ ആയെങ്കിൽ അവളെ ട്രാപ്പിൽ പെടുത്തിയത് തന്നെയാണ്. രാത്രി ആരുമറിയാതെ മോൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുമായിരുന്നു. മരിക്കുന്നതിന്റെ തലേ ദിവസം ആണ് ഞങ്ങൾ അത് പോലും അറിയുന്നത്. അന്ന് ഞാൻ അവളെ ഒരുപാട് തല്ലി. പക്ഷെ, അതുകൊണ്ടല്ല അവൾ ആത്മഹത്യ ചെയ്തത്. മറ്റുള്ളവരിലേക്ക് അന്വേഷണം എത്തരുത് എന്ന് ഉദ്ദേശമുണ്ടായിരുന്നവർ കരുതിക്കൂട്ടി ചെയ്തതാണ് ഇതെല്ലം. അലൻ പീറ്റർ ഞങ്ങളുടെ സന്തോഷം ഒന്നും കണ്ടിരുന്നില്ല’, പെൺകുട്ടിയുടെ പിതാവ് പറയുന്നു.
‘ആളുകൾ എന്നെ ഭ്രാന്തനെന്ന് വിളിച്ചോട്ടെ, അല്ലെങ്കിൽ എന്നെ അംഗീകരിക്കാതിരുന്നോട്ടെ. ഞാനൊരു അച്ഛനാണ്. എന്റെ മോൾ കൈകൊണ്ട് തലോടി എന്റെ ഈ താടിയും മുടിയും ഞാൻ ഇനിയൊരിക്കലും വെട്ടില്ല’, പിതാവ് പറയുന്നു.
Post Your Comments