മാനന്തവാടി: ഹിജാബ് അണിഞ്ഞെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കിയ വയനാട് മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യു.പി സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രധാനാധ്യാപിക മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ മാര്‍ച്ച് നടത്തി. നാടിന്റെ മതനിരപേക്ഷ മൂല്യങ്ങളെ തകർക്കരുതെന്ന് ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്.
കർണാടകയിലെ ഹിജാബ് വിഷയം വൻ വിവാദമാവുകയും അന്താരാഷ്‌ട്ര തലത്തിൽ വരെ ചർച്ച ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമാനമായ സംഭവം കേരളത്തിലും നടക്കുന്നത്. ഷാൾ ധരിച്ച് ക്ലാസിലെത്തിയ കുട്ടിയെ സ്‌കൂൾ അധികൃതർ തിരിച്ച് അയക്കുകയായിരുന്നു. ഇത് ചോദിക്കാനെത്തിയ, രക്ഷിതാവിനോട് സ്‌കൂളിൽ ഒരു മതചിഹ്നങ്ങളും അനുവദിക്കാനാകില്ലെന്നും ഹിജാബ് അണിയാൻ അനുവാദമില്ലെന്നും പ്രധാനാധ്യാപിക പറയുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. ആവശ്യമെങ്കില്‍ കുട്ടിക്ക് ടി.സി നല്‍കാമെന്നുമായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പ്രതികരണം. എന്തിനാണ് കൊച്ചുകുട്ടികളെ ഇങ്ങനെ നടത്തിക്കണമെന്ന് നിങ്ങള്‍ വാശി പിടിക്കുന്നത് എന്നായിരുന്നു കുട്ടിയുടെ പിതാവിനോട് പ്രിൻസിപ്പൽ ചോദിച്ചത്.
Also Read:സ്‌കൂളുകളിലും കോളേജുകളിലും മതങ്ങള്‍ക്കതീതരായിരിക്കണം വിദ്യാര്‍ത്ഥികൾ: അമിത് ഷാ
സംഭവം വിവാദമായതോടെ, ഹിജാബിന് വിലക്കില്ലെന്ന് അറിയിച്ച് സ്‌കൂൾ അധികാരികൾ പ്രസ്താവന ഇറക്കിയിരുന്നു. ‘ഈ വർഷം സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഷാളും മാസ്കും ഒരുമിച്ച് ധരിച്ച് ക്ലാസ്സിൽ ഇരിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടി ക്ലാസുകൾ സന്ദർശിച്ചപ്പോൾ ഷാൾ ഒഴിവാക്കാമല്ലോ എന്ന് പറഞ്ഞിട്ടുണ്ട്. ഒരു കുട്ടിയോടും വ്യക്തിപരമായി ഷാൾ ഉപയോഗിക്കരുത് എന്ന രീതിയിൽ പറയുകയോ ഷാളിന്റെ ഉപയോഗം സ്കൂളിൽ വിലക്കുകയോ ചെയ്തിട്ടില്ല. പരാതി ഉന്നയിച്ച വ്യക്തിയുടെ കുട്ടി പ്രസ്തുത ദിവസത്തിലും തുടർന്നുള്ള ദിവസങ്ങളിലും ക്ലാസ്സിൽ ഹാജരായിട്ടില്ല. കുട്ടി ജലദോഷം ആയതിനാലാണ് ക്ലാസിൽ ഹാജരാകാത്തത് എന്നാണ് ക്ലാസ് ടീച്ചർ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. മറ്റാരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെയാണ് അദ്ദേഹം ഈ പരാതിയുമായി മുന്നോട്ടു പോകുന്നത്. കുട്ടികളുടെ സുരക്ഷയെക്കരുതി സ്വർണാഭരണങ്ങളുടെ ഉപയോഗം സ്കൂളിൽ വിലക്കിയിട്ടുണ്ട്. എങ്കിലും രക്ഷിതാക്കളുടെ താൽപര്യ പ്രകാരം പ്രത്യേക സന്ദർഭങ്ങളിൽ അനുവാദം നൽകാറുണ്ട്’, പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Post Your Comments