കൊച്ചി: ഭൂമി തരം മാറ്റുന്നതിനായി സര്‍ക്കാര്‍ ഓഫീസുകൾ കയറിയിറങ്ങി മടുത്ത് സജീവന്‍ എന്ന മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറ് ഉദ്യോഗസ്ഥരെ സർക്കാർ സസ്‌പെൻഡ് ചെയ്തു. ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിലെ ആറ് ഉദ്യോഗസ്ഥരെയാണ് സംഭവത്തിൽ സർക്കാര്‍ സസ്‌പെൻഡ് ചെയ്തത്. സജീവന്‍റെ അപേക്ഷ കൈകാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പറവൂര്‍ മാല്യങ്കര സ്വദേശിയായ മത്സ്യത്തൊഴിലാളി സജീവന്‍ കഴിഞ്ഞ മാസം 4 നാണ് സർക്കാരിന്റെ അനാസ്ഥയിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ആധാരത്തില്‍ നിലം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭൂമി പുരയിടം ആക്കി മാറ്റാന്‍ സജീവന്‍ ഒരു വർഷക്കാലമാണ് സര്‍ക്കാര്‍ ഓഫീസുകൾ കയറിയിറങ്ങിയത്.
ഏറ്റവും ഒടുവില്‍ ഫോർട്ട് കൊച്ചി ആര്‍.ഡി.ഒ ഓഫീസിലെ ജീവനക്കാര്‍ സജീവനെ അപമാനിച്ച് ഓഫീസിൽ നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന്, രാത്രി വീട്ടുവളപ്പിലെ മരത്തില്‍ ഒരു മുഴം കയറില്‍ സജീവൻ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സംഭവം വന്‍ വിവാദം ആയതിനു പിന്നാലെ സര്‍ക്കാര്‍ ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറെ അന്വേഷണത്തിന് നിയോഗിച്ചു.
സജീവന്‍റെ അപേക്ഷ കൈകാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചതായി ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇപ്പോള്‍ ആര്‍.ഡി ഓഫീസിലെ ആറ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഒരു ജൂനിയര്‍ സുപ്രണ്ട്, മൂന്ന് ക്ലര്‍ക്കുമാര്‍, രണ്ട് ടൈപ്പിസ്റ്റുകള്‍ എന്നിവര്‍ക്കെതിരെയാണ് സംഭവത്തിൽ സർക്കാർ നടപടി സ്വീകരിച്ചത്. ജൂനിയര്‍ സൂപ്രണ്ട് സി.ആർ ഷനോജ് കുമാർ, സീനിയര്‍ ക്ലര്‍ക്കുമാരായ സി.ജെ ഡെൽമ, ഒ.ബി അഭിലാഷ്, സെക്ഷന്‍ ക്ലര്‍ക്ക് മുഹമ്മദ് അസ്ലാം, ടൈപ്പിസ്റ്റുകളായ കെ.സി നിഷ, ടി.കെ ഷമീം എന്നിവരാണ് സംഭവത്തിൽ സസ്‌പെൻഷൻ നേരിടുന്നത്.
Post Your Comments