കീവ്: കിഴക്കൻ യുക്രെയ്നിലെ ഡോനെട്സ്ക് നഗരത്തിൽ വൻ സ്ഫോടനം. സൈനിക വാഹനം പൊട്ടിത്തെറിച്ചു. ആളപായമില്ലെന്നാണു റിപ്പോർട്ടുകൾ. ഡൊനെട്സ്ക് പീപ്പിൾസ് റിപ്പബ്ലിക് ആസ്ഥാനത്തിനു സമീപമാണു സ്ഫോടനമുണ്ടായത്. റഷ്യ പിന്തുണയ്ക്കുന്ന വിമതവിഭാഗം സ്ഫോടനമുണ്ടായ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ സ്ഫോടനമാണു സംഭവിച്ചിരിക്കുന്നതെന്ന് റഷ്യയുടെ ആർഐഎ വാർത്താ ഏജൻസിയും സ്ഥിരീകരിച്ചു.
ശീതയുദ്ധകാലത്തുള്ളതിനേക്കാൾ വലിയ സുരക്ഷാ ഭീഷണിയാണ് ഇപ്പോഴുള്ളതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഡോനെട്സ്ക് നഗരത്തിൽനിന്ന് താമസക്കാരെ റഷ്യയിലെ റോസ്തോവ് മേഖലയിലേക്ക് ഒഴിപ്പിക്കുമെന്ന് ഡോനട്സ്ട് പീപ്പിൾസ് റിപബ്ലിക്ക്(ഡിഎൻആർ) നോതാവിന്റെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കകമാണ് ആക്രമണം നടന്നത്.
അതേസമയം യുക്രെയ്നിൽ എപ്പോൾ വേണമെങ്കിലും റഷ്യ കടന്നുകയറാമെന്നു യുഎസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതിർത്തിയിൽ റഷ്യൻ സൈനികരുടെ എണ്ണം വർധിക്കുകയാണെന്ന് യുക്രെയ്നും വ്യക്തമാക്കി. മിലിറ്ററി കമാൻഡുകൾ, മിസൈൽ സംവിധാനം, യുദ്ധക്കപ്പലുകൾ എന്നിവയുടെ പരിശീലനവും അണ്വായുധ വിന്യാസവുമടക്കം നടത്താനാണു റഷ്യയുടെ നീക്കമെന്നാണു റിപ്പോർട്ട്.
Post Your Comments