
ലഖ്‌നൗ : ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരു ദിവസം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന ലോക്സഭാ എംപി അസദുദ്ദീന്‍ ഒവൈസിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകളുടെ വികസനത്തെ ബിജെപി പിന്തുണയ്ക്കുന്നുവെന്നും അവരുടെമേല്‍ യാഥാസ്ഥിതിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും പറഞ്ഞു. ഒവൈസിക്ക് ഇന്ത്യയെ താലിബാന്‍ ആക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ഇത്തരം വിഷയങ്ങളെക്കുറിച്ച് സംസാരിക്കണമെങ്കില്‍, അഫ്ഗാനിസ്ഥാനില്‍ ആ സംവാദങ്ങള്‍ നടത്തണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യ ടുഡേ ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ആദ്ദേഹം ഒവൈസിക്കെതിരെ ആഞ്ഞടിച്ചത്.
‘ ബിജെപി എല്ലാക്കാലത്തും സ്ത്രീകളുടെ ഉന്നമനത്തെയാണ് പിന്തുണയ്ക്കുന്നത്. പക്ഷേ യാഥാസ്ഥിതകമായ ചട്ടക്കൂടുകളില്‍ നിന്ന് പുറത്ത് വന്ന് സ്വയം ശാക്തീകരിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ലഭിക്കണം. ഏത് മേഖലയിലും സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മുത്തലാഖ് നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളെ ഒവൈസി പിന്തുണയ്ക്കുകയാണ് വേണ്ടത്’. യോഗി ആദിത്യനാഥ് പറഞ്ഞു.
ഒവൈസിയെ പോലുള്ളവരുടെ യാഥാസ്ഥിതിക ചിന്താഗതി ഈ രാജ്യത്തെ സ്ത്രീകളുടെ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു.
‘ഓരോ വ്യക്തിക്കും ഇഷ്ടമുള്ളത് ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പൊതുസ്ഥലങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലെല്ലാം അങ്ങനെ ചെയ്യാം. ഞാന്‍ ആരിലും ഒരു ഡ്രസ് കോഡ് അടിച്ചേല്‍പ്പിച്ചിട്ടില്ല. അങ്ങനെ ചെയ്യുകയുമില്ല. പൊതുസ്ഥലങ്ങളില്‍ ഇഷ്ടമുള്ളത് ധരിക്കാമെങ്കിലും ഓരോ സ്ഥാപനത്തിനും അവരുടേതായ യൂണിഫോം ഉണ്ടായിരിക്കും. ഒരു പ്രത്യേക മതത്തില്‍ നിന്നുള്ള പോലീസുകാരന്‍ അയാള്‍ക്ക് ഇഷ്ടമുള്ള മതചിഹ്നങ്ങള്‍ യൂണിഫോമിന് പകരം ധരിക്കണമെന്ന് പറഞ്ഞാല്‍ അത് അനുവദനീയമല്ല’ , അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments