തൃപ്പൂണിത്തുറ: ഭിത്തി ഇടിഞ്ഞ് കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റയാൾ വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചു. എരൂർ വെസ്റ്റ് പെരീക്കാട് കൃഷ്ണന്‍റെ മകൻ ശിശുപാലനാണ് (52) മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. തൃപ്പൂണിത്തുറ ലായം റോഡിലെ ഫുഡ് സേഫ്റ്റി ഓഫിസ് കെട്ടിടത്തിന് മുകളിൽ അറ്റകുറ്റപ്പണി നടത്തവേ ഭിത്തി ഇടിഞ്ഞാണ് ശിശുപാലൻ താഴെ വീണത്.
Read Also : കഴിഞ്ഞ തവണത്തെ പോലെയല്ല ഇത്തവണ സീറോ ബഡ്ജറ്റിൽ ആറ്റുകാൽ പൊങ്കാല ശുചീകരണം: ചരിത്രമെഴുതി തിരുവനന്തപുരം നഗരസഭ
കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ വീണുകിടന്ന ശിശുപാലനെ ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്കാൻ സൗകര്യമില്ലാതിരുന്നതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അവിടെയും സി.ടി സ്കാൻ ഇല്ലാത്തതിനാൽ കളമശ്ശേരിയിലെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ നില വഷളായതിനെത്തുടർന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
സ്കാൻ സൗകര്യം സമയത്തിന് ലഭിക്കാതെ വിദഗ്ധ ചികിത്സ വൈകിയതാണ് ശിശുപാലന്‍റെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചയോടെ നഗരസഭ ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: മായ. മക്കൾ: അക്ഷയ്, അനുപമ.
Post Your Comments