കൊച്ചി : ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തിന് പിന്നാലെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജൻ. സംഭവത്തില്‍ ട്വന്റി ട്വന്റി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മര്‍ദ്ദിച്ചെന്ന വിവരം മരിച്ച ദീപു പോലും ഉന്നയിച്ചിട്ടില്ലെന്നും ശ്രീനിജന്‍ പറഞ്ഞു. ദീപുവിന്റെ മരണം വേദനാജനകമാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ വസ്തുതകള്‍ എല്ലാവര്‍ക്കും മനസിലാകുമെന്നും ശ്രീനിജന്‍ വ്യക്തമാക്കി.
ശ്രീനിജന്റെ വാക്കുകൾ :
‘സംഭവത്തിലെ വസ്തുതകള്‍ എല്ലാവരും മനസിലാക്കണം. പ്രദേശത്ത് സാബു ജേക്കബ് നടത്തിയ അനധികൃത പണപ്പിരിവിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ട്വന്റി ട്വന്റി എനിക്കെതിരെ തിരിഞ്ഞത്. ആരോപിക്കുന്നത് പോലെ മര്‍ദനമേറ്റാണ് മരിച്ചതെങ്കില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പടണം. ഇപ്പോള്‍ നടക്കുന്നത് മരണത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മിന്റെയും എന്റെയും തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ്. ട്വന്റി ട്വന്റി വാര്‍ഡ് മെമ്പറാണ് ദീപുവിന് മര്‍ദ്ദനമേറ്റെന്ന കാര്യം പറഞ്ഞത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. എന്നാല്‍ തിങ്കളാഴ്ച വരെ ഒരു പരാതിയും നല്‍കിയിട്ടില്ലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഇങ്ങനെയൊരു ആരോപണം ദീപു പോലും പറഞ്ഞിട്ടില്ല. ഞാനും സംഭവം അറിയുന്നത് പരാതിക്ക് ശേഷമാണ്. ട്വന്റി ട്വന്റി പ്രചരിപ്പിക്കുന്ന അസത്യങ്ങള്‍ വസ്തുത പുറത്തുവരുന്നത് വരെ സത്യമാണെന്ന് വിശ്വസിക്കരുത്. സംഭവത്തില്‍ എന്ത് അന്വേഷണവും നടക്കട്ടെ’.
Post Your Comments