പത്തനംതിട്ട: തെലുങ്ക് സൂപ്പർ സ്റ്റാറും മുൻ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവി ശബരിമല ദർശനം നടത്തിയ സംഭവത്തിൽ വിവാദമുണ്ടാക്കി ആചാര വിരുദ്ധർ. ചിരഞ്ജീവിക്കൊപ്പം ഒരു യുവതി കൂടി മല കയറി സന്നിധാനത്ത് ദർശനം നടത്തി എന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരുടെയും വ്യാജ പ്രചാരണം. ഇതിന്റെ ദൃശ്യങ്ങൾ സഹിതമാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഇരുമുടിക്കെട്ടില്ലാതെയാണ് ചിരഞ്ജീവി സന്നിധാനത്ത് ദർശനം നടത്തിയത് എന്നും ഇവർ ആരോപിക്കുന്നു.
അതേസമയം, ചിരഞ്ജീവിക്കൊപ്പമുണ്ടായിരുന്നത് യുവതി അല്ലെന്നും 50 വയസ് കഴിഞ്ഞ സ്ത്രീയാണെന്നും തെളിവുകൾ സഹിതം പലരും ഖണ്ഡിക്കുന്നുണ്ട്. ഫോണിക്സ് ഗ്രൂപ്പ് ചെയർമാൻ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയാണ് താരത്തിനൊപ്പം ഉണ്ടായിരുന്നത്. ഇവർക്ക് 50 വയസിന് മുകളിൽ പ്രായമുണ്ടെന്നും ഇവർ പറയുന്നു. ഈ അവസരം മുതലെടുത്തു എസ്ഡിപിഐ സിപിഎം അനുകൂലികൾ വലിയ പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടത്തുന്നത്.
ഇതിനിടെ യുവതി സന്നിധാനത്ത് ദർശനം നടത്തിയ സംഭവത്തെ അഭിനന്ദിച്ച് നേരത്തേ ശബരിമല കയറിയ ബിന്ദു അമ്മിണി രംഗത്തെത്തി. ‘ചിരഞ്ജീവിയുടെ കൂടെ ആരെന്നറിയില്ല. ആരായാലും ശബരിമലയിൽ കയറിയ യുവതിക്കൊപ്പം. അവരുടെ വിശ്വാസമോ വിശ്വാസരാഹിത്യമോ ഒന്നും എന്റെ വിഷയമേ അല്ല. ഇത് വിശ്വാസത്തിന്റെ പ്രശ്നം ആയിട്ടല്ല ഞാൻ കാണുന്നത്. ഭരണഘടനാഅവകാശത്തിന്റെ പ്രശ്നം ആയിട്ടാണ്.- ബിന്ദു അമ്മിണി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം തെലുഗു മാധ്യമങ്ങൾ ഇത്തരം പ്രചാരണങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. 50 കഴിഞ്ഞ സ്ത്രീയാണ് ശബരിമല ദർശനം നടത്തിയതെന്ന് അവർ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments