സ്‌കൂളുകളിലും കോളേജുകളിലും ഹിജാബിന് നിരോധനം ഏർപ്പെടുത്തിയ കർണാടക സർക്കാറിനെതിരെ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ മുസ്ലിം സംഘടനകൾ. ഹിജാബ് വിലക്കിനെതിരെ തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധ റാലികള്‍ നടന്നു. ത്രിവര്‍ണ നിറത്തിലുള്ള ഹിജാബ് ധരിച്ചാണ് സ്ത്രീകളും പെണ്‍കുട്ടികളും പ്രതിഷേധ റാലികളില്‍ പങ്കെടുത്തത്. ചെറിയ കുട്ടികളെ പോലും പ്രതിഷേധത്തിനായി പങ്കെടുപ്പിച്ചു.
വിവിധ മുസ്ലിം സംഘടനകളായിരുന്നു പ്രതിഷേധ റാലി സംഘടിപ്പിച്ചത്. കോയമ്പത്തൂരിലായിരുന്നു ത്രിവര്‍ണ ഹിജാബ് ധരിച്ച് സ്ത്രീകള്‍ പ്രതിഷേധത്തിന്റെ ഭാഗമായത്. യെഗതുവ മുസ്ലിം ജമായത്തായിരുന്നു കോയമ്പത്തൂരില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടാനാണ് ഹിജാബ് നിരോധിച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. മുലക്കരം ഏര്‍പ്പെടുത്തിയതിന് സമാനമാണ് ഹിജാബ് നിരോധനമെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത വനിത വിമോചന പാര്‍ട്ടി നേതാവ് ശബരിമല ആരോപിച്ചു.
Also Read:ഭാരം കുറയ്ക്കാനായി ഇടയ്ക്കുള്ള സ്‌നാക്‌സുകള്‍ ഒഴിവാക്കുന്നത് ഫലപ്രദമോ?
അതേസമയം, ഹിജാബ് നിരോധന വിവാദത്തെ തുടർന്ന് അഞ്ച് ദിവസമായി അടഞ്ഞുകിടന്നിരുന്ന കർണാടകയിലെ സ്കൂളുകൾ ഇന്നലെ വീണ്ടും തുറന്നു. അന്തിമ വിധി വരുന്നതുവരെ കോളജുകളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പാലിച്ച് ഭൂരിഭാഗം പേരും സ്‌കൂൾ ഗേറ്റിനടുത്ത് വെച്ച് ഹിജാബ് അഴിച്ച് ബാഗിൽ വെച്ചശേഷം സ്‌കൂളിലേക്ക് പ്രവേശിച്ചു. എന്നാൽ, കുറച്ച് വിദ്യാർത്ഥികൾ മാത്രം ഇതിനു തയ്യാറായില്ല. ഹിജാബ് ധരിച്ചുകൊണ്ട് അകത്തേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് അധ്യാപകർ അറിയിച്ചതോടെ പരീക്ഷ എഴുതുന്നില്ലെന്ന് തീരുമാനിച്ച് കുറച്ച് വിദ്യാർഥികൾ തിരിച്ച് മടങ്ങി. കർണാടകയിലെ ഷിമോഗ ജില്ലയിലെ മൗലാന ആസാദ് സ്‌കൂളിലായിരുന്നു സംഭവം.
ഇതിനു പിന്നാലെ ഖോഡ കോളനിയിലെ നവനീത് വിഹാർ പ്രദേശത്ത് ഹിജാബ് ധരിക്കാനുള്ള അവകാശം ഉന്നയിച്ച് പ്രതിഷേധ പ്രകടനം നടത്തിയ ഒരു കൂട്ടം സ്ത്രീകൾക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും റാഹിഷ് എന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നിരോധനാജ്ഞ പുറപ്പെടുവിച്ച ഇടത്ത് ഒത്തുകൂടിയതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments