കാസർഗോഡ്: ഫാഷൻ ഗോൾഡ് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മുൻ എംഎൽഎ കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളിൽ റെയ്ഡ് നടത്തുന്നു. കമറുദ്ദീന്റെ പടന്നയിലെ വീട്ടിലും, പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലും ആണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്. വീടുകൾക്ക് പുറമെ ഇവരുടെ സ്ഥാപനങ്ങളിലും സമാന്തരമായി റെയ്ഡ് നടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് മൊത്തം ഒൻപത് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.
ഫാഷൻ ഗോൾഡിന്റെ പേരിൽ 800 നിക്ഷേപകരിൽ നിന്നും 150 കോടിയോളം രൂപയാണ് ഇവർ സമാഹരിച്ചത്. ഇവർ നിക്ഷേപകർക്ക് വ്യാജ സർട്ടിഫിക്കറ്റാണ് നൽകിയതെന്ന് തെളിഞ്ഞിരുന്നു. ഫാഷൻ ഗോൾഡ് ചെയർമാൻ ആയ എം.സി കമറുദ്ദീനും എംഡി ആയ പൂക്കോയ തങ്ങളും അഞ്ച് കമ്പനികൾ രജിസ്റ്റർ ചെയ്താണ് ഇത്രയധികം നിക്ഷേപകരെ കബളിപ്പിച്ചത്.
2006 ൽ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന പേരിൽ ചന്തേര മാണിയാട്ട് തവക്കൽ കോംപ്ലക്സിൽ ആണ് ഇവർ ആദ്യ കമ്പനി രജിസ്റ്റർ ചെയ്തത്. പിന്നീട് 2007 ലും, 2008 ലും, 2012 ലും, 2016 ലുമായി ഇവർ മറ്റ് കമ്പനികൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഒരേ മേൽവിലാസത്തിലാണ് ഇവർ കമ്പനികൾ രജിസ്റ്റർ ചെയ്തതെങ്കിലും, ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന സ്ഥാപനം മാത്രമാണ് മാണിയാട്ട് തുറന്നത്.
Post Your Comments