കണ്ണൂർ: മാതമംഗലത്തിന് പിന്നാലെ മാടായിയിലും സിഐടിയു സമരം കച്ചവടം പൂട്ടിച്ചു. ശ്രീ പോർക്കലി എന്ന സ്റ്റീൽ കടയ്ക്ക് മുന്നിലാണ് സിഐടിയു കൊടി കുത്തി സമരം നടത്തുന്നത്. സമരം നടക്കുന്നതിനാൽ മൂന്നാഴ്ചയായി കച്ചവടം തടസ്സപ്പെടുകയാണെന്ന് കട ഉടമ ടി.വി മോഹൻ ലാൽ പറയുന്നു.
സ്ഥാപനത്തിലെ ജോലിക്കാരെ ചുമടിറക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് സിഐടിയു കടയ്ക്ക് മുന്നിൽ കൊടികുത്തി സമരം തുടങ്ങിയത്. 60 ലക്ഷം രൂപയുടെ സാധനങ്ങളാണ് വിറ്റു പോകാതെ കടയിൽ കെട്ടിക്കിടക്കുന്നതെന്ന് ഉടമ പറഞ്ഞു. സമരം തുടർന്നാൽ കട തനിക്ക് പൂട്ടേണ്ടി വരുമെന്നും ടി.വി മോഹൻ ലാൽ മാധ്യമങ്ങളോട് പറഞ്ഞു.
മാതമംഗലത്ത് സിഐടിയു സമരം ഹാർഡ്‍വെയർ സ്ഥാപനം പൂട്ടിയിരുന്നു. സാധനങ്ങൾ വാങ്ങാൻ എത്തുന്നവരെ വഴിയിലിട്ട് തല്ലുമെന്ന് സിഐടിയു ഭീഷണിയും മുഴക്കിയിരുന്നു. കടയിൽ വരുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും, സംരംഭം തുടർന്ന് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും കട ഉടമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാതമംഗലത്ത് 70 ലക്ഷം മുതൽ മുടക്കി തുടങ്ങിയ സ്ഥാപനമാണ് സിഐടിയു സമരം മൂലം മാസങ്ങൾക്കകം അടച്ചു പൂട്ടേണ്ട സ്ഥിതി വന്നത്.
Post Your Comments