തിരുവനന്തപുരം: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നീന്തല്‍ പരിശീലനം ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. മുഴുവന്‍ സ്‌കൂള്‍ വിദ്യാർത്ഥികൾക്കും നീന്തല്‍ പരിശീലനം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
കുട്ടികള്‍ പുഴകളിലോ, തടാകത്തിലോ, കിണറുകളിലോ വീണ് മരണപ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വർദ്ധിച്ചുവരികയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കുന്നത് നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സഹായിക്കുമെന്ന് നിരീക്ഷിച്ച കമ്മീഷന്‍, ഉപയോഗശുന്യമായ പൊതുകിണറുകള്‍ നികത്താനും, പൊതുസ്ഥലത്തെ കിണറുകള്‍ക്ക് ഭിത്തി നിര്‍മ്മിക്കാനും, കുളങ്ങള്‍ സുരക്ഷിതമാക്കാനും നടപടി സ്വീകരിക്കാന്‍ റവന്യു വകുപ്പ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി.
‘തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലെ ഉപയോഗശൂന്യമായ പൊതുകിണറുകള്‍ നികത്തണം. പൊതുകിണറുകള്‍ക്ക് ഭിത്തി നിർമ്മിക്കണം. കുളങ്ങള്‍ക്കും മറ്റും കമ്പിവേലിയോ, അപകടസാധ്യത ചൂണ്ടിക്കാട്ടുന്ന ബോര്‍ഡോ, മറ്റ് സുരക്ഷാ മാര്‍ഗ്ഗങ്ങളോ ഉപയോഗിക്കണം. സ്വകാര്യ വ്യക്തികളുടെ കുളങ്ങളും തടാകങ്ങളും സംരക്ഷണ മതിലോ, കമ്പിവേലിയോ കെട്ടി സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്വം സ്ഥല ഉടമകള്‍ക്ക് ആയിരിക്കണം. ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം’ ബാലാവകാശ കമ്മീഷൻ ഉത്തരവിൽ നിർദ്ദേശിച്ചു.
Post Your Comments