ഉത്തരാഖണ്ഡ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും തമ്മിൽ ഭിന്നതയുണ്ടെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണത്തിനിടെയായിരുന്നു യു.പി മുഖ്യമന്ത്രിയുടെ പരിഹാസം. ഇതിനെതിരെ അതേ നാണയത്തിൽ തിരിച്ചടി നൽകുകയാണ് പ്രിയങ്ക.
ഉത്തരാഖണ്ഡിലെ പൗരി ഗഡ്‌വാളിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ആദിത്യനാഥ് കോൺഗ്രസിനേയും രാഹുൽ ഗാന്ധിയെയും വിമർശിച്ചത്. കോൺഗ്രസ് എന്ന കപ്പൽ മുങ്ങുകയാണെന്നും പാർട്ടിയെ പിടിച്ചുയർത്താൻ കഴിയുന്ന വിദൂര സാധ്യത കൂടി ഇല്ലാതാക്കാൻ ആങ്ങളയ്ക്കും പെങ്ങൾക്കും കഴിയും എന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും പേരെടുത്ത് പറയാതെ യോഗി വിമർശിച്ചത്. ആങ്ങളയും പെങ്ങളും ചേർന്ന് കോൺഗ്രസിന് ഒരു അവസാനം ഉണ്ടാക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെതിരെയാണ് പ്രിയങ്ക രംഗത്ത് വന്നത്.
തന്റെ സഹോദരനുവേണ്ടി ജീവൻ ത്യജിക്കാനും താൻ തയ്യാറാണെന്ന് പ്രിയങ്ക യോഗിയ്ക്ക് മറുപടി നൽകി. രാഹുലും തനിക്ക് വേണ്ടി അത് തന്നെ ചെയ്യുമെന്നും വിഭാഗീയത ഉള്ളത് കോൺഗ്രസിലല്ല, ഭാരതീയ ജനതാ പാർട്ടിയിലാണ് എന്നും അവർ പറഞ്ഞു. ആദിത്യനാഥും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഭിന്നതയുണ്ടെന്നും പ്രിയങ്ക ആരോപിച്ചു.
പ്രിയങ്കയുടെ മറുപടിക്ക് പിന്നാലെ, തിങ്കളാഴ്ച എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലും യോഗി ആദിത്യനാഥ് തന്റെ പ്രസ്താവന ആവർത്തിച്ചു. കോൺഗ്രസിനെ ഇല്ലാതാക്കാൻ ചേട്ടനും അനിയത്തിയും മതിയെന്ന് അദ്ദേഹം വീണ്ടും പറഞ്ഞു. ‘കോൺഗ്രസ് പാർട്ടിയെ തകർക്കാൻ മറ്റാരുടെയും ആവശ്യമില്ല. ചേട്ടനും അനിയത്തിയും മതി. ഉത്തരാഖണ്ഡിൽ കോൺഗ്രസിനെ പിന്തുണച്ച് എന്തിനാണ് സമയം കളയാൻ ആഗ്രഹിക്കുന്നത്’, യോഗി ചോദിച്ചു.
Also Read:തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കാന്‍ കരിക്കിൻ വെള്ളം
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയും കോൺഗ്രസും നേർക്കുനേർ മത്സരത്തിലാണ്. ഇതിൽ പഞ്ചാബിൽ കോൺഗ്രസ് സർക്കാരും ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ എന്നിവ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുമാണ്. പഞ്ചാബ് കൂടെ പിടിച്ചെടുക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. അതേസമയം, കോൺഗ്രസിന് മുന്നിലുള്ളത് വാലിയ വെല്ലുവിളിയാണ്. ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ ആളനക്കം ഉണ്ടാക്കുകയും വേണം, കൈയിലിരിക്കുന്ന പഞ്ചാബ് പോകാതെ നോക്കുകയും വേണം. ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. പഞ്ചാബിലെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒറ്റ ഘട്ടമായി വോട്ട് ചെയ്യും, മണിപ്പൂരിൽ യഥാക്രമം ഫെബ്രുവരി 28 നും മാർച്ച് 5 നും രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും.
Post Your Comments