ജിദ്ദ: കോവിഡിനെ വിജയകരമായി തരണം ചെയ്തുവെന്ന് സൗദി അറേബ്യ. കോവിഡിനെ വിജയകരമായി തരണം ചെയ്യാനും അതിജീവിക്കാനും സൗദി അറേബ്യയ്ക്ക് കഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ ആലി അറിയിച്ചു. ചില രാജ്യങ്ങൾ കോവിഡ് തരംഗങ്ങളെ പ്രതിരോധിക്കാൻ കഠിന പ്രയത്നം നടത്തിയിട്ടും വിജയിക്കാത്തിടത്താണ് സൗദി ഈ നേട്ടം കരസ്ഥമാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ സൗദിയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറയുന്നു. പ്രതിദിന രോഗികളുടെയും ഗുരുതരാവസ്ഥയിലുള്ളവരുടെയും എണ്ണത്തിലുള്ള കുറവ് ഇതാണ് സൂചിപ്പിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇതുവരെ 60 മില്യൻ ഡോസ് വാക്സിനാണ് സൗദിയിൽ വിതരണം ചെയ്തത്. 24 മില്യൻ പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയെന്നും അദ്ദേഹം വിശദമാക്കുന്നു.
അതേസമയം ഞായറാഴ്ച്ച സൗദിയിൽ 2,136 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,482 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഞായറാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.
7,28,387 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,92,001 പേർ രോഗമുക്തി നേടി. 8,973 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 1,014 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്
Read Also: മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്?: കുട്ടികൾക്ക് ഒരിക്കലും ഈ ഭക്ഷണങ്ങൾ കൊടുക്കരുത്
Post Your Comments