തോട്ടട: കണ്ണൂര്‍ തോട്ടടയ്ക്കുസമീപം വിവാഹ സംഘത്തോടൊപ്പം എത്തിയവര്‍ നടത്തിയ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നതിൽ ആദ്യത്തെ ബോംബ് എറിഞ്ഞെങ്കിലും അത് പൊട്ടിയില്ല, പിന്നാലെ രണ്ടാമത്തെ ബോംബ് എറിയുകയായിരുന്നു. ഇതാണ് പൊട്ടിയത്. ഒരു ബോംബിന് പുറമേ ഏഴ് ഗുണ്ടുപടക്കവും ലഭിച്ചതായി പോലീസ് പറഞ്ഞു. സംഘത്തിന്റെ വാഹനത്തിൽ ആയുധങ്ങൾ ഉള്ളതായി സൂചനയുണ്ട്.
അതേസമയം, സംഭവത്തിൽ പരിഹാസവുമായി സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുകയാണ്. ‘മിസൈൽ വല്ലതും ഉണ്ടായിരുന്നോ’ എന്നാണു ഇവർ ചോദിക്കുന്നത്. ഈ സംഭവത്തെ യു.പി മുഖ്യമന്ത്രിയുടെ ഏറ്റവും പുതിയ വിവാദ ‘കേരളം പരാമർശ’വുമായി കൂട്ടിവായിക്കുന്നവരും കുറവല്ല. യോഗിക്ക് കേരളത്തെ ചൂണ്ടി കാണിക്കാൻ ഇതിലുമപ്പുറം വേറെയെന്തു വേണം എന്നാണു ഇവർ ചോദിക്കുന്നത്. ‘ഇനിയിപ്പോൾ കല്യാണത്തിന് പൊട്ടിക്കാൻ വച്ച പടക്കതിലൊന്നിന് വീര്യംകൂടുതലുണ്ടായിരുന്നു അങ്ങനെ സംഭവിച്ചതാണെന്നു പറയുമോ’ എന്ന് പരിഹസിക്കുന്നവരും ഉണ്ട്.
കൊല്ലപ്പെട്ട ജിഷ്ണു ബോബെറിഞ്ഞ സംഘത്തിൽ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നാണ് ലഭ്യമാവുന്ന വിവരം. നീല ഷർട്ടും മുണ്ടും ധരിച്ചാണ് ജിഷ്ണുവും സംഘവും വിവാഹ വീട്ടിലേക്ക് എത്തിയത്. ഇവർ സഞ്ചരിച്ച വാഹനം തോട്ടടയിൽ മനോരമ ഓഫീസിന് സമീപം നിർത്തി കാൽനടയായി വിവാഹ വീട്ടിലേക്ക് എത്തി. ബാന്റ് മേളത്തിന് തൊട്ട് മുന്നിലായിട്ടാണ് ഇവർ സഞ്ചരിച്ചിരുന്നത്. ഇതിനിടെ ജിഷ്ണുവും സംഘവും തലേ ദിവസം സംഘര്ഷമുണ്ടാക്കിയ ഏച്ചൂർ സ്വദേശികളെ പ്രദേശത്ത് കണ്ടു. ഇതോടെ ജിഷ്ണുവിനൊപ്പമുള്ള ഒരാൾ ഇവർക്ക് നേരെ ബോംബെറിഞ്ഞു. എന്നാൽ ആദ്യത്തെ ബോംബ് പൊട്ടിയില്ല. പിന്നാലെ എറിഞ്ഞ ബോംബ് അബദ്ധത്തിൽ കൂട്ടത്തിലുള്ള ഒരാളുടെ കൈയ്യിൽ തട്ടി ജിഷ്ണുവിന്റെ തലയിൽ പതിച്ചു. ജിഷ്ണു മരിച്ചുവെന്ന് വ്യക്തമായതോടെ എല്ലാവരും പരിഭ്രാന്തരായി ചിതറിയോടി.
മിക്കവരും നേരെ ഓടിയെത്തിയത് സംഘം സഞ്ചരിച്ച ട്രാവലറിലേക്കാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തലേന്ന് നടന്ന സൊറ പാർട്ടിക്കിടെ ഇവരും തോട്ടട സ്വദേശികളായി ചില യുവാക്കളുമായി സംഘർഷമുണ്ടായി. പാർട്ടിയിൽ വെച്ച ഒരു പാട്ടിനെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് വിവരം. സംഘർഷത്തിൽ തോട്ടട സ്വദേശിക്ക് താക്കോൽ കൊണ്ട് കുത്തേറ്റുവെന്നും സൂചനയുണ്ട്. തലേദിവസം ഉണ്ടായ നിസ്സാര തര്‍ക്കത്തിന് പ്രതികാരമായി പിറ്റേന്ന് ഉഗ്രശേഷിയുള്ള ബോംബുമായി യുവാക്കളുടെ സംഘം എത്തിയത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. വിവാഹസമയംതന്നെ ബോംബാക്രമണത്തിന് തയ്യാറെടുക്കാനുള്ള മാനസികാവസ്ഥയിലായിരുന്നു യുവാക്കളെന്നത് പലരും അറിയുന്നത് സംഭവത്തിനു ശേഷമാണ്.
Post Your Comments