അബുദാബി: യുഎഇയിലെ സിനിമാശാലകൾ ഫെബ്രുവരി 15 മുതൽ പൂർണ്ണശേഷിയിൽ പ്രവർത്തിക്കും. സാംസ്‌കാരിക യുവജന മന്ത്രാലയത്തിന്റെ മീഡിയ റെഗുലേറ്ററി ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
‘കോവിഡ് വൈറസ് വ്യാപനത്തിന്റെ തുടക്കം മുതൽ യുഎഇ പ്രതിസന്ധിയെ വളരെ പ്രൊഫഷണലായാണ് കൈകാര്യം ചെയ്തതെന്ന് മീഡിയ റെഗുലേറ്ററി ഓഫീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ റാഷിദ് ഖൽഫാൻ അൽ നുഐമി വ്യക്തമാക്കി. കോവിഡിന്റെ വ്യാപനത്തെ ചെറുക്കുന്നതിൽ യുഎഇ സർക്കാർ ഏജൻസികളുടെ ശ്രമങ്ങളുടെ വിജയത്തെ തുടർന്നാണ് സിനിമാശാലകളിൽ ശേഷി വർധിപ്പിക്കാനുള്ള തീരുമാനം സ്വീകരിച്ചത്. കോവിഡ് നിയന്ത്രണത്തെ തുടർന്ന് ഏർപ്പെടുത്തിയ കർശനമായ മുൻകരുതൽ നടപടികളും സമൂഹം അവ പാലിക്കുന്നതും വൈറസിന്റെ വ്യാപനം കുറയ്ക്കുകയും എല്ലാവർക്കും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്തുവെന്നും’ അദ്ദേഹം പറഞ്ഞു.
Post Your Comments