തിരുവനന്തപുരം: കെപിസിസിയിൽ ഒരു തർക്കവുമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ‘കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനുമായി നല്ല ബന്ധമാണ് എനിക്ക് ഉള്ളത്. ഞാൻ പ്രസിഡന്‍റിന് പൂർണ പിന്തുണ നൽകുകയാണ്. പാർട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. ഇപ്പോൾ ഉണ്ടായ വിവാദം മാധ്യമ സൃഷ്ടി മാത്രമാണ്’ ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തലയോട് കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി ഉണ്ടെന്ന വാർത്തകൾ കെ. സുധാകരനും നിഷേധിച്ചു. ചെന്നിത്തലയ്ക്ക് എതിരെ പാർട്ടി നേതൃത്വത്തിന് മുന്നിൽ പരാതികൾ വന്നിട്ടില്ലെന്നും, വാർത്ത പ്രചരിക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
എന്നാല്‍ നയപരമായ കാര്യങ്ങളിൽ രമേശ് ചെന്നിത്തല ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നതിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ബദലായി മറ്റൊരു അധികാര കേന്ദ്രം എന്ന നിലയിൽ രമേശ് ചെന്നിത്തല ഒറ്റക്ക് നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നു എന്നാണ് നേതൃത്വത്തിന്‍റെ പരാതി. നേതൃത്വത്തെ നോക്കുകുത്തിയാക്കി തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്നത് ശരിയായ രീതിയല്ല എന്നാണ് നേതൃത്വത്തിന്റെ വിമർശനം.
പാർലമെന്‍ററി പാർട്ടി നേതൃസ്ഥാനത്ത് നിന്നും മാറിയ മുൻഗാമികൾ തുടരാത്ത ശൈലിയാണ് ഇതെന്ന് നേതൃത്വം പരാതിപ്പെട്ടിരുന്നു. ലോകായുക്ത ഓർഡിനൻസിന് എതിരെ നിയമസഭയിൽ നിരാകരണ പ്രമേയം കൊണ്ടുവരും എന്ന ചെന്നിത്തലയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തോടെയാണ് നേതൃത്വത്തിന്റെ അതൃപ്തി രൂക്ഷമായത്. സഭാ സമ്മേളനം തുടങ്ങാനിരിക്കെ സഭയിലെ പ്രതിപക്ഷ നീക്കങ്ങൾ പാർലമെന്‍ററി പാർട്ടി തീരുമാനിച്ച് പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കണം എന്നതാണ് നേതൃത്വത്തിന്റെ നിലപാട്.
Post Your Comments