മുംബൈ: ഐപിഎല്‍ മെഗാതാരലേലം ഫെബ്രുവരി 12, 13 ബെംഗളൂരുവില്‍ നടക്കും. 15-ാം സീസണിന് മുന്നോടിയായി മികച്ച താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് ഫ്രാഞ്ചൈസികള്‍. ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ പുതിയ രണ്ട് ഫ്രാഞ്ചൈസികളുടെ വരവും 15-ാം സീസണിന് ആവേശം കൊള്ളിക്കും.
രണ്ട് ദിനങ്ങളിലായി 10 ഫ്രാഞ്ചൈസികളുടെ ലേലംവിളിയാണ് ബെംഗളൂരുവില്‍ നടക്കുക. ഇന്ത്യന്‍സമയം 11 മണിക്കാണ് ലേലം ആരംഭിക്കുക. 11 മണിമുതല്‍ ഓദ്യോഗിക ബ്രോഡ്‌കാസ്‌റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ താരലേലം ആരാധകര്‍ക്ക് കാണാം. ഡിസ്‌നി ഹോട്‌സ്റ്റാറില്‍ ലൈവ് സ്‌ട്രീമിംഗുമുണ്ട്. ലേലത്തില്‍ പങ്കെടുക്കുന്ന 590 താരങ്ങളില്‍ 228 പേര്‍ ക്യാപ്‌ഡ് കളിക്കാരും 355 പേര്‍ അണ്‍ക്യാപ്‌ഡ് താരങ്ങളുമാണ്.
ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് ഏഴ് താരങ്ങളും അന്തിമ പട്ടികയില്‍ പേരുകാരായി. ആകെ താരങ്ങളില്‍ 370 പേരാണ് ഇന്ത്യയില്‍ നിന്നുള്ളത്. 220 വിദേശ താരങ്ങളും. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിയില്‍ 48 താരങ്ങളുണ്ട്. 1.5 കോടി അടിസ്ഥാന വില 20 താരങ്ങളും ഒരു കോടി 34 താരങ്ങളും തെരഞ്ഞെടുത്തു. ഐപിഎല്ലില്‍ തിരിച്ചുവരവിനൊരുങ്ങുന്ന മലയാളി പേസര്‍ എസ് ശ്രീശാന്തും ലേലത്തിനുള്ള താരങ്ങളുടെ പട്ടികയിലുണ്ട്.
Read Also:- മുട്ടവെള്ളയുടെ ആരോഗ്യ ഗുണങ്ങൾ!
2013ലാണ് മലയാളി പേസര്‍ എസ് ശ്രീശാന്ത് അവസാനമായി ഐപിഎല്‍ കളിച്ചത്. രാജസ്ഥാന്‍ റോയല്‍സായിരുന്നു ടീം. എന്നാല്‍ ആ സീസണില്‍ സ്‌പോട്ട് ഫിക്‌സിംഗ് വിവാദത്തില്‍ കുടുങ്ങിയ ശ്രീശാന്തിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തി. പിന്നീട് നടത്തിയ നിയമ പോരാട്ടത്തിന് ശേഷം 2020ലാണ് അദ്ദേഹത്തിന് നീതി ലഭിച്ചത്. ഐപിഎല്‍ താരലേലത്തില്‍ ഇക്കുറി 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള എസ് ശ്രീശാന്താണ് കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുള്ള രണ്ടാമത്തെ താരം.
Post Your Comments