ബെംഗളൂരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി ഓള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍ അദ്ധ്യക്ഷന്‍ മൗലാന സാജിദ് റാഷിദി രംഗത്ത് എത്തി. ഹിജാബ് ഇസ്ലാമിന്റെ വസ്ത്രധാരണമാണെന്നും സ്ത്രീകള്‍ സ്വയം സുരക്ഷിതരായിരിക്കാന്‍ പര്‍ദ്ദയില്‍ തന്നെ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോളേജുകളിലും സ്‌കൂളുകളിലും മേല്‍വസ്ത്രം ധരിക്കാതെ പെണ്‍കുട്ടികള്‍ പോകുന്നു. അവരെയൊന്നും ആരും ചോദ്യം ചെയ്യുന്നില്ല. എന്നിട്ടും ഹിജാബും ബുര്‍ഖയും ധരിച്ച പെണ്‍കുട്ടികളെ മാത്രം ലക്ഷ്യമിടുന്നത് എന്തുകൊണ്ടാണെന്നും സാജിദ് റാഷിദി ചോദിച്ചു.
ഇന്ത്യയുടെ ഭരണഘടന പാലിക്കാതെയാണ് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മതത്തെ പിന്തുടരുന്നത് മുസ്ലീങ്ങളുടെ മൗലികാവകാശമാണെന്നും ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അവിഭാജ്യമായ സമ്പ്രദായമാണെന്നും അദ്ദേഹം പറഞ്ഞു. ഹിജാബും ബുര്‍ഖയും ധരിക്കാത്ത മുസ്ലീം സ്ത്രീകള്‍ ഇസ്ലാം പിന്തുടരുന്നുവെന്ന് പറയാന്‍ സാധിക്കില്ലെന്നും ഇക്കാര്യം മതം ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജീന്‍സും സ്ലീവ്‌ലെസ്സും ധരിച്ച് സ്‌കൂളിലും കോളേജിലും പോകുന്നത് ഇസ്ലാമില്‍ മാന്യമായി കണക്കാക്കുന്ന കാര്യമല്ല. സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുകയും പുരുഷന്മാരില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയും വേണം. വനിതകള്‍ ഇറുകിയ വസ്ത്രം ധരിക്കരുത്. പുരുഷന്മാര്‍ക്ക് അവളുടെ ശരീരഭാഗങ്ങള്‍ തുറന്നുകാട്ടരുതെന്നും ഇസ്ലാമിക പുരോഹിതന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments