അരീക്കോട് : അനാഥയായ യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച യുവാവിനെ തെറ്റിദ്ധരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതിമാർ അറസ്റ്റിൽ. തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി ചിറ്റിലക്കാട് വീട്ടിൽ ബൈജു നസീർ (42), ഭാര്യ വർക്കല താഴെ വെട്ടൂർ തെങ്ങറ റാഷിദ മൻസിലിൽ റാഷിദ (38) എന്നിവരെയാണ് വ്യാഴാഴ്ച അറസ്റ്റുചെയ്തത്. അരീക്കോട് കടുങ്ങല്ലൂരിൽ കച്ചവടക്കാരനായ മേലേപുരയ്ക്കൽ പുളിയക്കോട് അബ്ദുൾ വാജിദിന്റെ പരാതിയിലാണ് അറസ്റ്റ്.
തൃശ്ശൂരിലെ അനാഥാലയത്തിൽ കഴിയുന്ന രോഗിയായ യുവതിയെന്ന പേരിൽ റാഷിദ വാജിദുമായി സോഷ്യൽമീഡിയയിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന് താൻ ആണെന്ന് പറഞ്ഞ് ഇവരുടെ തന്നെ രണ്ടാമത്തെ മകളുടെ ചിത്രം കാണിച്ചു. ഇതറിഞ്ഞ് അനുകമ്പ തോന്നിയ വാജിദ് 2021 മാർച്ച് മുതൽ ഡിസംബർ വരെയുള്ള പത്തുമാസങ്ങൾക്കിടയിൽ പലപ്പോഴായി 11 ലക്ഷം രൂപയാണ് റാഷിദയുട അക്കൗണ്ടിലേക്ക് അയച്ചുനൽകിയത്.
Read Also : ബിജെപി തലപ്പത്ത് ലിംഗസമത്വം പ്രാവർത്തികമായി: ജില്ലാകമ്മിറ്റിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍
എന്നാൽ, വിവാഹത്തിന്റെ കാര്യം പറയുമ്പോൾ നേരിൽ കാണാൻപോലും അവസരം നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്നാണ് ബാങ്ക് അക്കൗണ്ട് വഴി റാഷിദയുടെ മേൽവിലാസം കണ്ടെത്തി നടത്തിയ അന്വേഷണത്തിൽ താൻ കബളിപ്പിക്കപ്പെട്ട വിവരം വാജിദ് മനസ്സിലാക്കിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് സംഘം വർക്കലയിലെത്തി റാഷിദയേയും ഭർത്താവിനേയും പിടികൂടി അരീക്കോട് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments