നിലമ്പൂർ: കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച തടയണയും റോപ് വേയും ഇന്ന് പൊളിച്ചു നീക്കും. ഊർങ്ങാട്ടേരി പഞ്ചായത്ത് നടപടികൾക്ക് നേതൃത്വം വഹിക്കും. അനുമതിയില്ലാതെ കെട്ടിയ തടയണ പൊളിച്ചു നീക്കാൻ നേരത്തെ ഹൈക്കോടതിയും ഓംബുഡ്‌സ്മാനും ഉത്തരവിട്ടിരുന്നു. കക്കാടംപൊയിലിൽ 2015-16 കാലയളവിലാണ് പി.വി അൻവർ തടയണകൾ നിർമ്മിച്ചത്. അനുമതി ഇല്ലാതെയാണ് നിർമ്മാണങ്ങൾ നടന്നത് എന്ന പ്രദേശവാസികളുടെ പരാതിയിലാണ് ഇപ്പോൾ നടപടി എടുക്കുന്നത്.
നേരത്തെ, ചീങ്കണ്ണിപ്പാലി വിവാദ തടയണക്ക് കുറുകെ റസ്‌റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുൾ ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന പക്ഷം, പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ ജനുവരി 25ന് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഊർങ്ങാട്ടേരി പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ നിർദ്ദേശം നല്‍കിയിരുന്നു.
എന്നാൽ, രണ്ടാം തവണയും നടപടികൾ വൈകുകയായിരുന്നു. സെപ്റ്റംബർ 22ന് ഓംബുഡ്‌സ്മാന്‍ ഉത്തരവ് നല്‍കിയത് അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കി നവംബര്‍ 30ന് റിപ്പോര്‍ട്ട് ചെയ്യാൻ ആയിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് ഓംബുഡ്‌സ്മാന്‍ പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് നൽകിയത്.
Post Your Comments