ന്യൂഡൽഹി: അധികാരത്തിൽ കയറിയാൽ, ഇരുചക്രവാഹനങ്ങളിൽ ട്രിപ്പിൾസ് വെച്ചാൽ പിഴയീടാക്കില്ലെന്ന വാഗ്ദാനം നൽകി സുഹൈൽദേവ് ഭാരതീയ സമാജ് പാർട്ടി സ്ഥാനാർത്ഥി. എസ്ബിഎസ്പി സ്ഥാനാർത്ഥി ഓം പ്രകാശ് രാജ്ഭറാണ് വിചിത്ര വാഗ്ദാനം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എസ്ബിഎസ്പി പാർട്ടി സമാജ്വാദി പാർട്ടിയുമായി സഖ്യം ചേർന്നാണ് പ്രവർത്തിക്കുന്നത്. തങ്ങളുടെ പാർട്ടി അധികാരത്തിൽ കയറിയാൽ, ബൈക്കിൽ മൂന്ന് പേർക്ക് യാത്ര ചെയ്യാമെന്നുള്ള നിയമം കൊണ്ടുവരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ട്രെയിനുകളിൽ 300 യാത്രക്കാർ 70 സീറ്റുകളിൽ ഇരുന്നു യാത്ര ചെയ്യുന്നതും മൂന്ന് പേർ ബൈക്കിൽ യാത്ര ചെയ്യുന്നതും തുല്യമാണെന്ന് ഓം പ്രകാശ് പറഞ്ഞു.
300 പേർ 70 സീറ്റുകളിൽ ഇരുന്ന് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ സർക്കാർ അവരിൽ നിന്ന് പിഴ ഈടാക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നെ എന്തു കൊണ്ടാണ് മൂന്ന് പേർ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പിഴ ഈടാക്കുന്നതെന്ന ചോദ്യവും ഓം പ്രകാശ് ഉയർത്തി. തങ്ങളുടെ സർക്കാർ അധികാരത്തിൽ കയറിയാൽ, ഇരുചക്രവാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നത് ഒഴിവാക്കിയിട്ട് പകരം കാറുകളിൽ നിന്നും ജീപ്പുകളിൽ നിന്നും പിഴ ഈടാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Post Your Comments