
ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റ് പരസ്യങ്ങൾക്കും വേണ്ടി തെർമോകോൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ജില്ലാ ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർ. കമാനങ്ങളിലും, ബോർഡുകളിലും, തെർമോകോൾ ഉപയോഗിച്ചുള്ള അക്ഷരങ്ങൾ ഉപയോഗിക്കുന്നത് പിഴ ചുമത്താവുന്ന കുറ്റമാണെന്നും നോഡൽ ഓഫീസർ അറിയിച്ചു. കൂടാതെ, തെർമോകോൾ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 10,000 രൂപ വരെയാണ് പിഴ ചുമത്തുക.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന മുഴുവൻ ബോർഡുകളിലും മറ്റും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, ഫോൺ നമ്പർ, എന്നിവ വ്യക്തമായും കൃത്യമായും രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ, നിരോധിത ഉൽപ്പന്നമല്ലെന്ന് കാണിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് നൽകുന്ന സാക്ഷ്യമുള്ള ഉൽപ്പന്നങ്ങൾ മാത്രമേ പ്രിന്റിംഗിനായി ഉപയോഗിക്കാൻ പാടുള്ളൂ. പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ ഇല്ലാത്ത ബോർഡുകൾ പിടിച്ചെടുത്ത് നടപടി സ്വീകരിക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സർക്കാർ പുറത്തിറക്കിയിട്ടുള്ള ഉത്തരവിൽ പ്രചരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments