ഏറ്റുമാനൂർ: എട്ടുവർഷ കാലാവധിയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെടുത്ത ഒന്നര ലക്ഷത്തിന്റെ പേരിൽ ജപ്തി ഭീഷണി. ഏഴ് തവണ കുടിശികയായതിന്റെ പേരിൽ ആണ് ജപ്തി നടപടി. അതിരമ്പുഴ പാലംമുട്ടിചിറയിൽ അപ്പച്ചന്റെയും ഭാര്യ ഷൈനിയുടെയും കുടുംബത്തിനാണ് ജപ്തി ഭീഷണി ഉണ്ടായത്.
2019 നവംബറിലാണ് മണപ്പുറം ഫിനാൻസിന്റെ കോട്ടയം ശാഖയിൽനിന്ന് ഇവർ ഒന്നര ലക്ഷം രൂപ വായ്പയെടുത്തത്. 3781 രൂപയാണ് പ്രതിമാസ അടവ് തുക. ഏഴ് മാസം മുമ്പുവരെ കൃത്യമായി തുക അടച്ചിരുന്നു. എട്ട് വർഷമാണ് വായ്പ തിരിച്ചടയ്ക്കാനുള്ള സമയപരിധി.
വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചെത്തിയ ബാങ്ക് അധികൃതർ ഇന്നലെ ജപ്തി നടപടികൾക്കു മുതിരുകയായിരുന്നു. വിവരമറിഞ്ഞ് വാർഡ് മെംബർ ജോഷി ഇലഞ്ഞിയിലും പൊതുപ്രവർത്തകരും സ്ഥലത്തെത്തുകയും ബാങ്ക് അധികൃതരുമായി സംസാരിക്കുകയും അവർ മടങ്ങുകയുമായിരുന്നു.
2.5 സെന്റ് സ്ഥലത്ത് വീട് മാത്രമാണ് കുടുംബത്തിനുള്ളത്. എട്ട് വർഷം കാലാവധിയുള്ള വായ്പയുടെ തിരിച്ചടവ് ഏഴ് തവണ മുടങ്ങിയതിന്റെ പേരിൽ ജപ്തി നടപടിക്ക് ഒരുങ്ങിയ സ്വകാര്യ സ്ഥാപനത്തിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ജനപ്രതിനിധികളും നാട്ടുകാരും.
Post Your Comments