PalakkadKeralaLatest News

ലോറിയും ബൈക്കും കൂട്ടിയിടിച്ചതെന്ന് കരുതിയ യുവാക്കളുടെ അപകട മരണത്തിൽ വില്ലൻ കെഎസ്ആർടിസി ബസ് (സിസിടിവി ദൃശ്യങ്ങൾ)

ബൈക്കിന്റെയും ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത ബസ്, ആവശ്യത്തിനു സ്ഥലമുണ്ടായിരുന്നിട്ടും ഇതിനുശേഷം വലത്തേക്കു വെട്ടി‍ച്ചു

പാലക്കാട് : ദേശീയപാതയിൽ കുഴൽമന്ദത്തിനു സമീപം വെള്ളപ്പാറയിൽ 2 ബൈക്ക് യാത്രികർ മരിച്ച അപകടത്തിൽ, ഇവർക്കു തൊട്ടുപിന്നിലുണ്ടായിരുന്ന കാറിലെ ഡാഷ്ക്യാമറ ദൃശ്യങ്ങൾ വഴിത്തിരിവായി. ലോറിയും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടമെന്നാണ് ആദ്യം കരുതിയതെങ്കിലും ഇന്നലെ രാവിലെ അപകട ദൃശ്യങ്ങൾ പുറത്തുവന്നതോടെ, സമീപത്തുണ്ടായിരുന്ന കെഎസ്ആർടിസി ബസിന്റെ പങ്കും വ്യക്തമായിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി ഒൻപതോടെയുണ്ടായ അപകടത്തിൽ പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ് (24), സുഹൃത്ത് കാഞ്ഞങ്ങാട് മാവുങ്കാൽ സ്വദേശി സബിത്ത് (23) എന്നിവരാണു മരിച്ചത്.

ഡിവൈഡറിനോടു ചേർന്നു സഞ്ചരിച്ച ലോറിയെ ഇടതുവശത്തുകൂടി മറികടക്കാൻ ശ്രമിക്കുകയായിരുന്നു ബൈക്ക്. ബൈക്കിന്റെയും ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത ബസ്, ആവശ്യത്തിനു സ്ഥലമുണ്ടായിരുന്നിട്ടും ഇതിനുശേഷം വലത്തേക്കു വെട്ടി‍ച്ചു. ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബൈക്ക് ലോറിയിൽ തട്ടി നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു. ബൈക്ക് ബസിനും ലോറിക്കുമിടയിൽപെടുന്നതു ദൃശ്യങ്ങളിലുണ്ട്. ബൈക്കിൽ ലോറിയും ബസും ഇടിച്ചതിന്റെ പാടുകളുണ്ട്.ബസ് ഡ്രൈവർ തൃശൂർ പീച്ചി സ്വദേശി ഔസേപ്പ് (50), ലോറി ഡ്രൈവർ ആന്ധ്രപ്രദേശ് കൃഷ്ണ സ്വദേശി അനിൽകുമാർ (32)എന്നിവർക്കെതിരെ കേസെടുത്തു.

ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചശേഷമേ കൂടുതൽ നടപടികളിലേക്കു കടക്കാനാകൂ എന്നു കുഴൽമന്ദം പൊലീസ് ഇൻസ്പെക്ടർ ആർ.രജീഷ് അറിയിച്ചു. അപകട ദൃശ്യങ്ങൾ പൊലീസിനു കൈമാറുമെന്നു കാറുടമ അറിയിച്ചു. അതേസമയം ഡ്രൈവർക്കു വീഴ്ച സംഭവിച്ചതായി കെഎസ്ആർടിസിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. തിരക്കില്ലാത്ത സ്ഥലത്ത് ബസ് വെട്ടിച്ചെടുക്കേണ്ടതില്ലായിരുന്നു എന്നാണു വിലയിരുത്തൽ.എരുമേലിയിൽനിന്നു പാലക്കാട്ടെത്തി, വടക്കഞ്ചേരിയിലേക്കു പോവുകയായിരുന്നു ബസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button