
തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. പോത്തൻകോട്: ഞാണ്ടൂർക്കോണത്ത് ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. പന്തലക്കോട് അരുവിക്കരക്കോണം വിദ്യാഭവനിൽ ദിലീപ് (40)ഭാര്യ നീതു(26)എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പോത്തൻകോട് പ്ലാമൂട് സ്വദേശി സച്ചു(22),കാട്ടായിക്കോണം സ്വദേശി അമൽ (അമ്പോറ്റി 22) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില അതീവ ഗുരുതരമെന്നാണ് റിപ്പോർട്ട്. ഇരുവരും വെന്റിലേറ്ററിലാണ്.
ഡ്യൂക്ക് ബൈക്കിൽ പോത്തൻകോട് ഭാഗത്തുനിന്നും പൗഡിക്കോണം ഭാഗത്തേക്കുവരികയായിരുന്നു സച്ചുവും അമലും. എതിർ ദിശയിൽ ദമ്പതികളെത്തിയ ഹോണ്ട ഷൈൻ ബൈക്കുമായി ഇവരുടെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി മതിലിനുമുകളിൽ കൂടി തെറിച്ച് സമീപത്തെ വീടിന്റെ ചുമരിലിടിച്ചാണ് മരിച്ചത്. സംഭവസ്ഥലത്ത് തന്നെ ദമ്പതികൾ മരിച്ചു. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോത്തൻകോട് പൊലീസ് കേസെടുത്തു. ഡ്യൂക്ക് ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
കെനിയയിൽ സേഫ്റ്റി ഓഫീസറായ ദിലീപ് ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഇവരുടെ കല്യാണം കഴിഞ്ഞിട്ട് അഞ്ചുവർഷത്തോളമായി. മക്കളില്ല. പൗഡിക്കോണത്തിന് സമീപം നെല്ലിക്കവിളയിൽ വാടകയ്ക്ക് താമസിക്കുന്ന നീതുവിന്റെ മാതാപിതാക്കളെക്കണ്ട് മടങ്ങിവരുമ്പോഴായിരുന്നു അപകടം. ഗോപാലകൃഷ്ണൻ നായരുടെയും പരേതയായ ഓമനയുടെയും മകനാണ് ദിലീപ്. രാമചന്ദ്രൻ നായരും സുനിമോളുമാണ് നീതുവിന്റെ മാതാപിതാക്കൾ.
Post Your Comments