മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി ഒമാൻ. ഓഫീസുകളിൽ 100 ശതമാനം ജീവനക്കാർക്കും എത്താമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഹാളുകളിൽ പരിപാടികൾ നടത്താനും ഒമാൻ അനുമതി നൽകി. ബുധനാഴ്ച ചേർന്ന യോഗത്തിലാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്. സർക്കാർ ഓഫീസുകളിലും മറ്റു തൊഴിലിടങ്ങളിലും 100 ശതമാനം ജീവനക്കാർക്ക് തിരിച്ചെത്തും.
ഫെബ്രുവരി 11 വെള്ളിയാഴ്ച മുതൽ ജുമുഅ പുനഃരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. 50 ശതമാനം ശേഷിയിൽ വിശ്വാസികളെ അനുവദിക്കും. ഹാളുകളിൽ 70 ശതമാനം ശേഷിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിപാടികൾ നടത്താൻ കഴിയും.
70 ശതമാനം പങ്കാളിത്തത്തോടെ പ്രാദേശിക-രാജ്യാന്തര സമ്മേളനങ്ങളും അനുവദിക്കുന്നതാണ്. എന്നാൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും ഉറപ്പുവരുത്തണമെന്നാണ് നിർദ്ദേശം. വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും സമ്മേളനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക. 12 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകളും മൂന്നാം ഡോസ് വാക്സീൻ സ്വീകരിക്കണമെന്നും ഒമാൻ നിർദ്ദേശം നൽകി.
Post Your Comments