കൊച്ചി: ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ട് ചടങ്ങിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള തൃപ്പൂണിത്തുറ പൂർണ്ണത്രയിശാ ക്ഷേത്രത്തിൽ നടന്ന ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ട് വഴിപാട് വിവാദമായതോടെയാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി.ജി അജിത് കുമാർ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്.
പാപപരിഹാരത്തിന് എന്ന പേരിലാണ് ഈ വഴിപാട് നടന്നു വരുന്നത്. വഴിപാടിന്റെ ചിലവ് 20,000 രൂപയാണ്. പന്ത്രണ്ട് ബ്രാഹ്മണരെ ക്ഷണിച്ച് വരുത്തി അവരുടെ കാൽ കഴുകുന്നതാണ് വഴിപാട്. സംഭവം വിവാദമായതോടെ ഇത്തരത്തിലുള്ള പ്രാകൃതമായ ആചാരങ്ങൾ നിർത്തലാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
2019 മെയ് മാസത്തിൽ പാലക്കാട് ഒറ്റപ്പാലത്തെ കൂനംതുളളി മഹാവിഷ്ണു ക്ഷേത്രത്തിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ബ്രാഹ്മണരുടെ കാൽകഴുകി പൂജിക്കുന്ന ചടങ്ങ് നടത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇത്തരം ചടങ്ങുകൾ തീർത്തും പ്രാകൃതമായ ആചാരങ്ങൾ ആണെന്നും, ഇത് സമൂഹത്തെ ബ്രാഹ്മണ മേധാവിത്വത്തിലേക്ക് നയിക്കാനുളള നീക്കമാണെന്നും ആരോപിച്ച് പ്രതിഷേധവും ഉയർന്നിരുന്നു.
Post Your Comments