പാലക്കാട്: കശ്മീർ ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് വിഘടനവാദികൾക്ക് അനുകൂലമായി ഹ്യുണ്ടായ് പാകിസ്ഥാൻ എന്ന സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് വന്നിരുന്നു ‘നമുക്ക് നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങളെ ഓർക്കാം, അവർ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോൾ അവർക്ക് പിന്തുണ നൽകി നിൽക്കാം’ എന്ന പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പോസ്റ്റിൽ കശ്മീരിന്റെ ചിത്രവും ഒപ്പം ഹ്യുണ്ടായ് പാകിസ്ഥാൻ, കശ്മീർ ഐക്യദാർഢ്യ ദിനം എന്നിങ്ങനെ രണ്ട് ഹാഷ്ടാഗുകളും നൽകിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ഹ്യുണ്ടായ് പാകിസ്ഥാൻ സോഷ്യൽ മീഡിയയിൽ നിന്നും പോസ്റ്റ് നീക്കം ചെയ്തു. വിഷയത്തിൽ ഹ്യുണ്ടായ് ഇന്ത്യയ്ക്കെതിരെ രാജ്യവ്യാപകമായി ബോയ്‌കോട്ട് ആഹ്വാനം ഉയർന്നിരുന്നു.
വിഷയത്തിൽ ഇന്ത്യയിലെ കൊറിയൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചു. ഇന്ത്യയുടെ അതിർത്തിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്നും സംഭവത്തിൽ ഉചിതമായ തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ടതിനെ തുടന്ന് ചൊവ്വാഴ്ച രാവിലെ കൊറിയൻ വിദേശകാര്യമന്ത്രി ഇന്ത്യൻ വിദേശകാര്യമന്ത്രിയെ വിളിച്ച് രാജ്യത്തോടും ജനങ്ങളോടും ഖേദം പ്രകടിപ്പിച്ചിരുന്നു. ശേഷം ഹ്യുണ്ടായ് ഇന്ത്യ വിഷയത്തിൽ മാപ്പ് പ്രസ്താവന ഇറക്കി. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
എന്റെ രാജ്യം. എന്റെ അഭിമാനം!
“പാക്കിസ്ഥാനിലെ ഹ്യുണ്ടായ് കാശ്മീരിനെ കുറിച്ചു നടത്തിയ തെറ്റായ അഭിപ്രായത്തെ തുടർന്ന് ദക്ഷിണ കൊറിയയിലെ ഇന്ത്യൻ സ്ഥാനപതി ഹ്യുണ്ടായ് ആസ്ഥാനവുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ടു. തുടർന്ന് വിവാദ പോസ്റ്റ് പിൻവലിക്കപ്പെട്ടു. ഇന്നലെ ഇന്ത്യയിലെ കൊറിയൻ സ്ഥാനപതിയെ നമ്മുടെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു. ഇന്ത്യയുടെ അതിർത്തിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്നും സംഭവത്തിൽ ഉചിതമായ തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ന് രാവിലെ കൊറിയൻ വിദേശകാര്യമന്ത്രി ഇന്ത്യൻ വിദേശകാര്യമന്ത്രിയെ വിളിച്ച് രാജ്യത്തോടും ജനങ്ങളോടും ഖേദം പ്രകടിപ്പിച്ചു.
തുടർന്ന് ഹ്യുണ്ടായ് ഇന്ത്യ മാപ്പ് പ്രസ്താവന ഇറക്കി. ഇന്ത്യയിൽ ബിസിനസ് ചെയ്യാൻ രാജ്യം വിദേശ കമ്പനികളെ സ്വാഗതം ചെയ്യുന്നു. എന്നാൽ രാജ്യത്തിന്റെ അതിർത്തിയെ കുറിച്ചോ പരമാധികാരത്തെ കുറിച്ചോ അവാസ്തവവും തെറ്റിദ്ധാരണാജനകവുമായ കാര്യങ്ങൾ പറയുന്നതിൽ നിന്ന് അവർ മാറിനിൽക്കണം.”
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. 8 ഫെബ്രുവരി 2022.
[വിദേശകാര്യമന്ത്രി എസ് ജയശങ്കർ ട്വിറ്ററിൽ ഷെയർ ചെയ്തത്]
Post Your Comments