ലതാ മങ്കേഷ്കറിൻ്റെ ഭൗതികശരീരത്തിനുനേരെ ഷാറൂഖ് ഖാൻ തുപ്പി എന്ന പ്രചാരണത്തിനെതിരെ സന്ദീപ് ദാസ്. ഷാറൂഖിനെതിരെ കാവിപ്പട ഉന്നയിച്ച ആരോപണം നനഞ്ഞ പടക്കമായി മാറേണ്ടതായിരുന്നുവെന്നും എന്നാൽ, ഷാറൂഖ് തുപ്പി എന്ന വ്യാജ പ്രചാരണം സൂപ്പർ ഹിറ്റായി മാറിയെന്നും അദ്ദേഹം കുറിക്കുന്നു. ‘ഷാരൂഖ് ഖാൻ തുപ്പി’ എന്ന നാടകത്തോടെ ഈ രാജ്യം പരിപൂർണ്ണമായും മുസ്ലിം വിരുദ്ധമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാകുന്നുവെന്ന് സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു.
‘ഹിന്ദുത്വവാദികൾക്കെതിരെ പരസ്യമായി രംഗത്തുവന്ന അപൂർവ്വം സെലിബ്രിറ്റികളിലൊരാളാണ് ഷാറൂഖ്. പശുവിൻ്റെ പേരിൽ മനുഷ്യരെ കൊന്നുതള്ളുന്നതിനെതിരെ അദ്ദേഹം പ്രതിഷേധിച്ചിരുന്നു. ഇന്ത്യയിൽ അസഹിഷ്ണുത നിലനിൽക്കുന്നു എന്ന് തുറന്നടിച്ചിരുന്നു. ധീരമായ നിലപാട് കൈക്കൊണ്ടതിൻ്റെ പേരിൽ ഷാറൂഖ് ഒരുപാട് അനുഭവിക്കുകയും ചെയ്തു. പാക്കിസ്ഥാൻ ചാരൻ എന്ന വിളി അയാൾ നിരന്തരം കേട്ടു. ഇപ്പോൾ ലതാജിയെ തുപ്പി എന്ന പ്രചാരണവും. വർഷങ്ങൾക്ക് മുൻപ് ഷാരൂഖ് ഇങ്ങനെ പറഞ്ഞിരുന്നു, ‘ഇന്ത്യയിൽ അസഹിഷ്ണുതയുണ്ട് എന്ന് പറഞ്ഞതിൻ്റെ പേരിൽ ഒരുപാട് പേർ എന്നോട് പാക്കിസ്ഥാനിലേയ്ക്ക് പോകാൻ ആവശ്യപ്പെടുന്നുണ്ട്. ഈ രാജ്യത്ത് ജീവിക്കാൻ എന്നോളം അവകാശം മറ്റാർക്കുമില്ല. ഞാൻ എങ്ങോട്ടും പോകാൻ ഉദ്ദ്യേശിക്കുന്നുമില്ല. അതിനാൽ വായ അടയ്ക്കുക’ അത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്’, സന്ദീപ് ദാസ് എഴുതി.
സന്ദീപ് ദാസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:
ലതാ മങ്കേഷ്കറിൻ്റെ ഭൗതികശരീരത്തിനുനേരെ ഷാറൂഖ് ഖാൻ തുപ്പി എന്ന പച്ചക്കള്ളം കാട്ടുതീ പോലെ പടരുന്നത് കാണുമ്പോൾ വല്ലാത്ത നിരാശയും അമർഷവും തോന്നുന്നുണ്ട്. ഇത്രമേൽ അധഃപതിച്ചുപോയോ എൻ്റെ രാജ്യം!? ഷാറൂഖ് തുപ്പുകയല്ല,ഊതുകയാണ് ചെയ്തത്. മുസ്ലിം മതവിശ്വാസികൾ കാലങ്ങളായി പിന്തുടർന്നുപോരുന്ന വളരെ പോപ്പുലറായ ഒരു ആചാരമാണത്. ലതാ മങ്കേഷ്കറിൻ്റെ അന്ത്യയാത്രയെ രാജ്യം മുഴുവനും ഉറ്റുനോക്കിയിരുന്നു. അത്തരമൊരു ചടങ്ങിൽ വെച്ച് ഷാറൂഖിനെപ്പോലൊരു സെലിബ്രിറ്റി യാതൊരു കാരണവശാലും ലതാജിയെ അപമാനിക്കുകയില്ല. അത് മനസ്സിലാക്കാൻ സാമാന്യബുദ്ധി മതി. ഈ വസ്തുതകൾ പരിഗണിക്കുമ്പോൾ ഷാറൂഖിനെതിരെ കാവിപ്പട ഉന്നയിച്ച ആരോപണം നനഞ്ഞ പടക്കമായി മാറേണ്ടതായിരുന്നു. പക്ഷേ ഷാറൂഖ് തുപ്പി എന്ന വ്യാജ പ്രചാരണം സൂപ്പർ ഹിറ്റായി. ഇതിൽനിന്ന് നാം എന്താണ് മനസ്സിലാക്കേണ്ടത്? ഈ രാജ്യം പരിപൂർണ്ണമായും മുസ്ലിം വിരുദ്ധമായി മാറിക്കഴിഞ്ഞിരിക്കുന്നു. മുസ്ലിം നാമധാരിയായ ഒരാൾക്കെതിരെ എന്ത് വൃത്തികേടും പറയാം. അതിന് യുക്തിയുടെ പിൻബലം പോലും ആവശ്യമില്ല.
എന്തുകൊണ്ടാണ് ഷാറൂഖ് മിത്രങ്ങൾക്ക് വെറുക്കപ്പെട്ടവനാകുന്നത്? സ്വാതന്ത്ര്യസമരസേനാനിയായ മീർ താജ് മുഹമ്മദ് ഖാൻ്റെ മകനാണ് ഷാറൂഖ്. ബ്രിട്ടിഷുകാരൻ്റെ ഷൂസ് നക്കിയ പാരമ്പര്യം പേറിനടക്കുന്നവർക്ക് ഷാറൂഖിൻ്റെ ലെഗസ്സി ഒട്ടും ദഹിക്കില്ല. ഹിന്ദുവായ ഗൗരിയുടെ ഭർത്താവാണ് ഷാറൂഖ്. മതത്തേക്കാൾ വലുതാണ് മനുഷ്യത്വം എന്ന തത്വശാസ്ത്രം ഉയർത്തിപ്പിടിക്കുന്ന ഷാറൂഖ് സ്വാഭാവികമായും വര്‍ഗീയവാദികളുടെ കണ്ണിലെ കരടായിരിക്കും. ഹിന്ദുത്വവാദികൾക്കെതിരെ പരസ്യമായി രംഗത്തുവന്ന അപൂർവ്വം സെലിബ്രിറ്റികളിലൊരാളാണ് ഷാറൂഖ്. പശുവിൻ്റെ പേരിൽ മനുഷ്യരെ കൊന്നുതള്ളുന്നതിനെതിരെ അദ്ദേഹം പ്രതിഷേധിച്ചിരുന്നു. ഇന്ത്യയിൽ അസഹിഷ്ണുത നിലനിൽക്കുന്നു എന്ന് തുറന്നടിച്ചിരുന്നു. ധീരമായ നിലപാട് കൈക്കൊണ്ടതിൻ്റെ പേരിൽ ഷാറൂഖ് ഒരുപാട് അനുഭവിക്കുകയും ചെയ്തു. പാക്കിസ്ഥാൻ ചാരൻ എന്ന വിളി അയാൾ നിരന്തരം കേട്ടു. ഇപ്പോൾ ലതാജിയെ തുപ്പി എന്ന പ്രചാരണവും.
മിത്രങ്ങൾ വിഭാവനം ചെയ്യുന്ന ഇന്ത്യയല്ല യഥാർത്ഥ ഇന്ത്യ. ലതാജിയുടെ മരണാന്തരച്ചടങ്ങിൽ ഷാറൂഖും അദ്ദേഹത്തിൻ്റെ മാനേജർ പൂജയും പങ്കെടുത്തിരുന്നു. ഷാറൂഖ് ഇസ്ലാമിക രീതിയിൽ പ്രാർത്ഥിച്ചപ്പോൾ പൂജ ഹൈന്ദവ ശൈലിയിൽ ലതാജിയ്ക്ക് ആദരം അർപ്പിച്ചു. അതാണ് ഇന്ത്യ! മുസ്ലീമായ ഷാറൂഖിനും ഹിന്ദുവായ ഗൗരിയ്ക്കും ജനിച്ച സന്താനങ്ങൾ ഒരു മതവും പിന്തുടരുന്നില്ല. മതം ഏതാണെന്ന് ചോദിച്ചാൽ ‘ഇന്ത്യൻ’ എന്ന ഉത്തരം നൽകുന്നവരാണ് ഷാറൂഖിൻ്റെ മക്കൾ. ആ വിശാലമായ കാഴ്ച്ചപ്പാടിൻ്റെ പേരാണ് ഇന്ത്യ! വർഷങ്ങൾക്കുമുമ്പ് ഷാറൂഖ് പറഞ്ഞിരുന്നു- ”ഇന്ത്യയിൽ അസഹിഷ്ണുതയുണ്ട് എന്ന് പറഞ്ഞതിൻ്റെ പേരിൽ ഒരുപാട് പേർ എന്നോട് പാക്കിസ്ഥാനിലേയ്ക്ക് പോകാൻ ആവശ്യപ്പെടുന്നുണ്ട്. ഈ രാജ്യത്ത് ജീവിക്കാൻ എന്നോളം അവകാശം മറ്റാർക്കുമില്ല. ഞാൻ എങ്ങോട്ടും പോകാൻ ഉദ്ദ്യേശിക്കുന്നുമില്ല. അതിനാൽ വായ അടയ്ക്കുക…!” മിത്രങ്ങളോട് വീണ്ടും അത് പറയേണ്ടിവരുന്നു- ”JUST SHUT UP…!!”
Post Your Comments