മലപ്പുറം: മൊബൈൽ ആപ്ലിക്കേഷനിൽ ഫിറ്റ്‌നസ്, പെർമിറ്റ്, ടാക്‌സ് ഉൾപ്പെടെയുള്ള ആവശ്യ രേഖകൾ ഒന്നും അപ്ലോഡ് ചെയ്യാതെ ദീർഘദൂര സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് സിനിമാ സ്‌റ്റൈലിൽ പിന്തുടർന്ന് പിടികൂടി. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തി വന്ന കോയാസ് എന്ന സ്വകാര്യ ബസാണ് നിയമലംഘനം കാരണം ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്.
Also read: പ്ലാസ്റ്റിക് തിന്നു : കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തി
ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർടിഒ കെ.കെ സുരേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ദേശീയപാതയിൽ പരിശോധന നടത്തുന്ന എൻഫോഴ്‌സ്‌മെന്റ് എംവിഐ പി.കെ മുഹമ്മദ് ശഫീഖ്, എഎം വി.ഐ സലീഷ് മേലേപ്പാട്ട് എന്നിവർ വാഹന പരിശോധനയ്ക്കിടെ മൊബൈൽ ആപ്പിൽ പരിശോധിച്ചപ്പോഴാണ് ഈ ബസിന് ഫിറ്റ്‌നസ്, പെർമിറ്റ്, ടാക്‌സ് ഉൾപ്പെടെയുള്ള ആവശ്യ രേഖകൾ ഒന്നും ഇല്ലെന്ന് കണ്ടെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥർ ബസിനെ പിന്തുടർന്ന് വെന്നിയൂരിൽ വെച്ച് സാഹസികമായി പിടികൂടുകയായിരുന്നു.
ബസിലെ യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ചങ്കുവെട്ടിയിൽ സർവീസ് അവസാനിപ്പിച്ചു. തുടർന്ന് യാത്രക്കാരുടെ പൂർണ സഹകരണത്തോടെ അധികൃതർ ബസ് കസ്റ്റഡിയിലെടുക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. തുടർനടപടികൾക്കായി മലപ്പുറം ആർടിഒയ്ക്ക് കേസ് കൈമാറുമെന്ന് എംവിഐ പി.കെ മുഹമ്മദ് ശഫീഖ് മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥർ തന്നെ യാത്രക്കാർക്ക് മറ്റ് ബസുകളിൽ തുടർയാത്രക്കുള്ള സൗകര്യം ഒരുക്കുകയും ചെയ്തു.
Post Your Comments