തിരുവനന്തപുരം: നെടുമങ്ങാട് ചികിത്സാ കേന്ദ്രത്തിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. ആര്യനാട് കുളപ്പട സ്വദേശി ജോണ്‍ ആണ് കൊവിഡ് ബാധിതനായതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ നഴ്സ് കുത്തിവെയ്പ്പ് നൽകാൻ മുറിയിൽ എത്തിയപ്പോഴാണ് ജോണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇയാള്‍ മൂന്ന് ദിവസം മുൻപാണ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. പ്രമേഹ രോഗം ബാധിച്ചതിൽ ജോണിന് മാനസിക വിഷമം ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. നെടുമങ്ങാട് പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
Also read: ബസിൽ യുവതിയോട് ലൈംഗികാതിക്രമം: പ്രതി പിടിയിൽ
മുൻപും സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ പലരും ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. വിഷാദം, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ നേരിടുന്നവരിൽ കൊവിഡ് കാലത്തെ ഒറ്റപ്പെടലും അവഗണനയും കടുത്ത പിരിമുറുക്കം സൃഷ്ടിക്കും. ചെറിയ ഒരു ശ്രദ്ധകുറവ് പോലും അത്തരക്കാരെ അപകടത്തിലേക്ക് എത്തിക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
നിരീക്ഷണത്തിൽ ഉള്ളവർക്കും ചികിത്സയിൽ കഴിയുന്നവർക്കും ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിനായി പ്രധാന കൊവിഡ് ആശുപത്രികളിൽ എല്ലാം പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും ആത്മഹത്യകൾ തുടരുന്നത് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നു.
Post Your Comments