ദില്ലി: ചരൺജിത്ത് സിങ് ഛന്നിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം ആംആദ്മി പാർട്ടിക്ക് വെല്ലുവിളിയാകില്ലെന്ന് എഎപിയുടെ പഞ്ചാബിലെ ചുമതലക്കാരൻ ജർണിൽ സിങ്ങ് പറഞ്ഞു. ‘ഭഗവന്ത് മാനിനെ ജനങ്ങൾ മുഖ്യമന്ത്രിയായി അംഗീകരിച്ച് കഴിഞ്ഞു. കോൺഗ്രസിനെ ജനങ്ങൾ തള്ളിക്കളയുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്’ ജർണിൽ സിങ്ങ് പറഞ്ഞു.
Also read: വിവിധ രാജ്യങ്ങളിൽ നടത്തിയ സൈബർ ആക്രമണത്തിലൂടെ ഉത്തരകൊറിയ നേടുന്നത് കോടികൾ: റിപ്പോർട്ടുമായി യുഎൻ
‘ഭഗവന്ത് മാനിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആംആദ്മി പാർട്ടി പ്രഖ്യാപിച്ച് പ്രചാരണത്തിൽ ബഹുദൂരം മുന്നേറിയതോടെയാണ് കോൺഗ്രസ് അപകടം മണത്തത്. ഭഗവന്ത് മാനിന് ലഭിക്കുന്ന അംഗീകാരം വോട്ട് ചോർച്ചയ്ക്ക് കാരണമാകും എന്ന് വ്യക്തമായതോടെ ഛന്നിയെ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. എന്നാൽ ജനങ്ങള്‍ക്കിടയിൽ സ്ഥാനം നഷ്ടമായ കോൺഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആംആദ്മിക്ക് ഒരു വെല്ലുവിളിയാകില്ല’ അദ്ദേഹം പറഞ്ഞു.
‘ഭഗവന്ത് മാനിനെയാണ് പഞ്ചാബ് ആഗ്രഹിക്കുന്നത്. ഈ മാസം 20 ന് ആ ആഗ്രഹം ജനങ്ങൾ നടപ്പാക്കും’ ജർണിൽ സിങ്ങ് പറഞ്ഞു. പഞ്ചാബിൽ വമ്പൻ വാഗ്ദാനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ആംആദ്മി പാർട്ടി. കർഷക വോട്ടുകൾ കൂടി ലക്ഷ്യമിട്ട്, പ്രകടനപത്രികയിൽ വിദ്യാഭ്യാസത്തിനും തൊഴിലിനും വലിയ പ്രഖ്യാപനങ്ങൾക്കൊപ്പം കാർഷിക അവശിഷ്ടങ്ങൾ സംസ്കരിക്കുന്നതിന് പ്രത്യേക പദ്ധതിയും പാർട്ടി ഉൾപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments