തിരുവനന്തപുരം : ടെലിവിഷൻ/പത്ര മാധ്യമരംഗങ്ങൾക്ക് ഇപ്പോൾ ചൂടുള്ള ചർച്ചാ വിഷയം സ്വപ്നയും ശിവശങ്കരനുമാണ്. ജയിൽ വാസത്തിന് പിന്നാലെ സ്വർണ്ണക്കടത്തിലെ കള്ളക്കളികളെക്കുറിച്ചു അശ്വത്ഥമാവ് വെറും ഒരു ആന എന്ന ആത്മകഥയിൽ ശിവശങ്കരൻ വെളിപ്പെടുത്തൽ നടത്തിയതാണ്. ഈ പുസ്തകത്തിൽ മൂന്നിടത്ത് മാത്രമാണ് സ്വപ്നയെക്കുറിച്ചു പരാമർശമുള്ളത്. ഇയാൾക്കെതിരെ ചർച്ചകളിൽ സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ നിറയുന്നതോടെ വാദപ്രതിവാദങ്ങൾ സജീവമാകുന്നു. ഈ അവസരത്തിൽ സ്വപ്നയുടെ സ്വകാര്യജീവിതത്തിലേയ്ക്കുള്ള ഒളിഞ്ഞുനോട്ടവും ഇക്കിളിയ്ക്കുള്ള സാധ്യതയും തേടുന്ന മാധ്യമ പ്രവർത്തനങ്ങളെക്കുറിച്ചും മാധ്യമ പ്രവർത്തകനായ അനീഷ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.
സ്വർണക്കടത്ത് കേസിൽ ഇന്നലെയും മിനിയാന്നും കണ്ടതും കേട്ടതും വ്യക്തി ജീവിതത്തിലേയ്ക്കുള്ള ഒളിഞ്ഞുനോട്ടവും ഇക്കിളിയ്ക്കുള്ള സാധ്യത തേടലുമാണ്.ശരിക്കും അവശേഷിക്കുന്ന ചോദ്യങ്ങൾ മാധ്യമ പ്രവർത്തകനായ അനീഷ് എഴുതിയിട്ടുണ്ട്.
READ ALSO: ഹിജാബ് പ്രതിഷേധത്തിനിടെ അക്രമം നടത്താന്‍ ശ്രമം: ആയുധങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
കുറിപ്പ് പൂർണ്ണ രൂപം
ആൺ-പെൺ ബന്ധത്തിൻ്റെ ആന്തരിക സങ്കീർണതകളെ കുറിച്ചുള്ള വിലോല വിവരണമല്ല എം.ശിവശങ്കർ എഴുതിയ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കേരള രാഷ്ട്രീയത്തെ 06-07-2020 മുതൽ ഇന്നോളം ഇളക്കിമറിക്കുന്ന സ്വർണ്ണക്കടത്ത് കേസിലെ ഉൾനാടകങ്ങളെക്കുറിച്ച് മൗലികമായ രണ്ട് കാര്യങ്ങളാണ് ഈ പുസ്തകം മുന്നോട്ടു വയ്ക്കുന്നത്. അത് കേന്ദ്ര അന്വേഷണ ഏജൻസികളോടും മലയാള മാധ്യമങ്ങളോടുമാണ്.
1. നയതന്ത്ര സ്വർണക്കടത്ത് കേസ് മുൻനിർത്തി സംസ്ഥാന സർക്കാരിനെ ലക്ഷ്യമിട്ട് രാഷ്ട്രീയ ലാക്കോടെ കേന്ദ്ര അന്വേഷണ ഏജൻസികൾ സമ്മർദ്ദ വിധേയമായി പ്രവർത്തിച്ചു.
2. അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയ ലക്ഷ്യത്തിന് കളമൊരുക്കും വിധം നുണകളുടെ പെരുമ്പറകളായി മലയാള മാധ്യമങ്ങൾ ദാസ്യവൃത്തി ചെയ്തു.
മൗലികമായ ചോദ്യങ്ങൾക്ക് മൗലികമായ ഉത്തരങ്ങൾ തന്നെ വേണം. പുസ്തകത്തിലെ മൂന്ന് പരാമർശങ്ങൾ മുൻനിർത്തി സ്വപ്ന സുരേഷിനെ പ്രകോപിപ്പിച്ച് വീണ്ടും താക്കോൽദ്വാരത്തിലേക്ക് കണ്മുന നീട്ടുകയല്ല വേണ്ടത്.
അന്വേഷണ ഏജൻസികളും മാധ്യമങ്ങളും ഏകാത്മകമായി പ്രവർത്തിച്ചെന്ന് ആരോപിക്കപ്പെട്ട കേസിൽ, സ്വപ്നയുടെ മറപറ്റി ഒളിച്ചോടാൻ കഴിയാത്ത മൗലികമായ ചില പ്രശ്നങ്ങൾ പുസ്തകം മുന്നോട്ടുവയ്ക്കുന്നുണ്ട്.
1. സ്വർണ്ണം അടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിനെ വിളിച്ചു എന്ന വാദത്തിന്, വ്യാജമൊഴി എന്ന് പറയപ്പെടുന്ന കൺഫഷൻ സ്റ്റേറ്റ്മെൻറ് (15-10 -2020) അപ്പുറത്തേക്ക് എത്രത്തോളം പോകാനായി?
2. മുഖ്യ ആസൂത്രകൻ ഫൈസൽ ഫരീദ് കസ്റ്റഡിയിൽ എന്ന 19-07-2020ലെ കേരളത്തെ ഞെട്ടിച്ച വാർത്ത എവിടെ പോയി നിഷ്ക്രമിച്ചു?
3. കടത്തപ്പെട്ട സ്വർണ്ണം ആർക്കുവേണ്ടി, ആര് അയച്ചു എന്ന് ഏറ്റവും പ്രഥമവും അടിസ്ഥാനപരവുമായ ചോദ്യത്തിന് ഉത്തരം എവിടെ?
4. സർവ്വ രഹസ്യങ്ങളും അറിയുന്ന യുഎഇ കോൺസുൽ ജനറലും അക്കൗണ്ടൻ്റും അടക്കം എങ്ങനെ കേരളം വിട്ടു, അവരുടെ പങ്കെന്ത്?
5. പത്തുമാസവും തുടർച്ചയായി കാറ്റുവീശുന്ന നാഗർകോവിലിലെ കാറ്റാടിപ്പാടങ്ങളിൽ എം.ശിവശങ്കരന് കോടികളുടെ നിക്ഷേപമുണ്ടെന്ന് വാദത്തിന് ( 01. 11. 2020) തെളിവ് എവിടെ?
6. മുൻ മന്ത്രി കെടി ജലീലിനെ ലക്ഷ്യമിട്ടുള്ള ഖുർആൻ്റെ മറവിൽ സ്വർണക്കടത്ത്, മലപ്പുറത്തേക്ക് പോയ വാഹനത്തിൻ്റെ ജിപിഎസ് തൃശൂരിൽ വച്ച് ദുരൂഹമായി നിലച്ചു എന്നീ വാദങ്ങൾ ഇന്ന് എവിടെ നിൽക്കുന്നു?
7. കേരളത്തിലെത്തിച്ച 30 ടൺ ഈന്തപ്പഴത്തിൽ കുരുവിന് പകരം സ്വർണ്ണം എന്ന വിതണ്ഡവാദം ഇന്നും ആവർത്തിക്കാൻ കരുത്തുണ്ടോ?
8. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രിയുടെ അഡീഷണൽ പിഎസ് സി.എൻ.രവീന്ദ്രൻ എന്നിവരെ മുൻനിർത്തി സൃഷ്ടിച്ച വിവാദങ്ങൾ ഇന്ന് കേസിൻ്റെ ഭാഗമാണോ?
9. അഞ്ച് കേന്ദ്രഏജൻസികൾ അന്വേഷിക്കുകയും കസ്റ്റംസും എൻഐഎയും പരസ്പരവിരുദ്ധമായ ഉപസംഹാരത്തിൽ എത്തുകയും പ്രതികൾ തല തിരിഞ്ഞു പോകുകയും ചെയ്ത കേസിൻ്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
10. സ്വപ്നയുടെ കോഫേപോസ റദ്ദാക്കി ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ കസ്റ്റംസിനോട് ഉന്നയിച്ചതും ആരോപണങ്ങൾക്കും മൊഴികൾക്കും അപ്പുറം തെളിവ് എവിടെയെന്ന് ഇഡിയോട് ചോദിച്ചതുമായ കോടതിയുടെ സംശയങ്ങൾക്ക് ഇപ്പോഴെങ്കിലും നിവർത്തീകരണമുണ്ടോ?
മൗലികമായ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ശ്രമിച്ചാൽ സ്വയം തോറ്റുപോകുമെന്ന് ഉറപ്പുള്ളവരാണ്, വീണ്ടും ശിവശങ്കർ – സ്വപ്ന എന്ന പഴയ മെഗാസീരിയൽ എപ്പിസോഡ് വീണ്ടും പ്ലേ ചെയ്യുന്നത്. ഇപ്പോൾ സ്വപ്ന നടത്തിയ ഞെട്ടിക്കുന്നത് എന്ന് പറയപ്പെടുന്ന വെളിപ്പെടുത്തലുകളിൽ ഒന്നുപോലും പുതിയ വാർത്തയല്ല. 10.11.2020 ന് സ്വപ്ന ഇഡിക്ക് നൽകിയ മൊഴിയിൽ കൂടുതൽ എന്താണ് ഇപ്പോഴുള്ള വെളിപ്പെടുത്തലിൽ ഉള്ളത്. സ്വർണ്ണക്കടത്ത് ശിവശങ്കരന് അറിയാമായിരുന്നു, സ്വർണ്ണക്കടത്തിന് ശിവശങ്കർ സഹായിച്ചു, സ്വന്തമായി സാമ്പത്തിക ലാഭം ഉണ്ടാക്കി എന്നെല്ലാം അന്നുതന്നെ സ്വപ്ന പറഞ്ഞതാണ്.
ഈ പുസ്തകത്തിൽ പറയില്ല എന്ന് ശിവശങ്കർ ആദ്യമേ വ്യക്തമാക്കിയ മൂന്ന് കാര്യങ്ങളിൽ ഒന്നാമത്തേത് സ്വപ്നയുമായുള്ള വ്യക്തിബന്ധവും വ്യക്തിവിവരങ്ങളും ആണ്. എന്നാൽ രണ്ടു ഭാഗത്തായി സ്വപ്നയെപ്പറ്റി പറഞ്ഞ മൂന്ന് കാര്യങ്ങൾ മുൻനിർത്തി സ്വപ്നയെ വീണ്ടും കളത്തിൽ ഇറക്കുന്നത്, മൗലികമായ ചോദ്യങ്ങൾക്ക് മൗലികമായ ഉത്തരം ഇല്ലാത്തതുകൊണ്ടാണ്. സ്വർണ്ണക്കടത്ത് കേസിൽ ഇതുവരെ പറഞ്ഞതിൽ 99 ശതമാനവും പെരുംനുണകൾ ആണെന്ന് തലകുനിച്ചു നിന്ന് സമ്മതിക്കേണ്ടി വരുമല്ലോ എന്ന ആത്മസങ്കോചത്തിൽ നിന്നാണ്, ശിവശങ്കർ -സ്വപ്ന എന്ന പഴയ സമവാക്യത്തിൻ്റെ പുനരവതരണം.
ശിവശങ്കർ കിംഗ്പിനായ നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ ദുഷ്ടനായികയായിരുന്ന സ്വപ്നയെ, ഇരാ പരിവേഷത്തോടെ പുനരവതരിപ്പിക്കുന്നത്, അടിസ്ഥാനപരമായ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാനാണ്. പറഞ്ഞ നുണകളുടെ പർവ്വതം ഇടിഞ്ഞു വീഴും എന്നറിഞ്ഞ് ഒളിച്ചോടുന്നവർ, ഒരു കയ്യിൽ സ്വപ്നയെയും ബലമായി വലിച്ചിഴയ്ക്കുകയാണ്.
2022 ഫെബ്രുവരി മൂന്നിന് ഇറങ്ങിയ പുസ്തകത്തിൽ സ്വപ്നയ്ക്ക് എതിരെ മൂന്നു പരാമർശങ്ങളുണ്ട് എന്നു പറയുമ്പോൾ, 2020 നവംബർ 11ന് നൽകിയ മൊഴിയിൽ ശിവശങ്കരന് എതിരെ 30 പരാമർശങ്ങളുണ്ട്. അവരുടെ ഈ വ്യക്തി ബന്ധങ്ങളിലേക്ക് കാക്കക്കണ്ണ് എറിയാതെ, ശിവശങ്കറിൻ്റെ പുസ്തകം ഉന്നയിച്ച മൗലിക ചോദ്യങ്ങൾക്ക് മൗലികമായ ഉത്തരങ്ങൾ പറയണം. മാത്രമല്ല ശിവശങ്കറിൽ നിന്ന് അനുകൂല മൊഴി കിട്ടാൻ കസ്റ്റംസ് വീട്ടുകാരെ വിളിച്ചു വരുത്തി മൂന്നര മണിക്കൂർ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ ഇവരാരെയും അലോസരപ്പെടുത്തുന്നുമില്ല.
വീണുപോയ ചെളിക്കുണ്ടിൽ നിന്ന് കരകയറുന്നതിന് പകരം അവിടെ കിടന്ന് കൈകാലിട്ടു അടിച്ചാൽ കൂടുതൽ ചെളി തെറിക്കുകയേ ഉള്ളൂ. ഇത് ആത്മപരിശോധന അനിവാര്യമായ ഘട്ടമാണ്
Post Your Comments