കോഴിക്കോട്: വിവാദ വിഷയങ്ങളില്‍ ഇനിയെങ്കിലും മാപ്പ് പറഞ്ഞില്ലെങ്കിൽ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് വരെ പുറത്താക്കുമെന്ന് ഹരിത മുന്‍ നേതാക്കള്‍ക്ക് അന്ത്യശാസനം നൽകി മുസ്ലിംലീഗ്. മാപ്പ് പറയണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് നേതാക്കൾക്ക് കുഞ്ഞാലിക്കുട്ടിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായാണ് സൂചന. എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ നവാസിനെതിരെ വനിതാകമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ മുസ്ലിംലീഗില്‍ നിന്നും ഹരിത മുന്‍ നേതാക്കളെ പുറത്താക്കുമെന്ന് നേരത്തെ റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.
ഹരിത മുന്‍ നേതാക്കള്‍ക്ക് ലീഗിലെ മുതിര്‍ന്ന നേതാവായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഓഫീസില്‍ നിന്നാണ് അന്ത്യശാസനം എന്ന നിലയില്‍ അറിയിപ്പ് ലഭിച്ചത്. സാദിഖലി തങ്ങളെയും പി.എം.എ സലാമിനെയും നേരിട്ട് കണ്ട് ഹരിത മുൻ നേതാക്കൾ വിവാദ വിഷയങ്ങളില്‍ മാപ്പ് പറയണം എന്നാണ് ലീഗിന്റെ ആവശ്യം. മാപ്പ് പറഞ്ഞാൽ മാത്രമേ നേതാക്കൾക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ തുടരാൻ കഴിയുകയുള്ളൂവെന്നും, അല്ലാത്തപക്ഷം പാര്‍ട്ടി പുറത്താക്കൽ നടപടിയുമായി മുന്നോട്ട് പോകുമെന്നും ആണ് അറിയിപ്പ് താക്കീത് ചെയ്യുന്നത്.
മുന്‍ ഹരിത നേതാക്കളായ ഫാത്തിമ തഹ്‌ലിയ, മുഫീദ തെസ്‌നി, നജ്മ തബ്ഷീറ എന്നിവരെ ലീഗില്‍ നിന്ന് പുറത്താക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഹരിത മുൻ നേതാക്കൾക്ക് ലീഗിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പാർട്ടി അന്ത്യശാസന നൽകിയത്. പാര്‍ട്ടി വേദികളില്‍ ഇവര്‍ സജീവമായതും ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. അതേസമയം, തങ്ങൾ പരാതി പിന്‍വലിക്കുകയോ മാപ്പ് പറയുകയോ ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് ഹരിത മുന്‍ നേതാക്കൾ. സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് പരാതിയുമായി പാര്‍ട്ടിക്ക് പുറത്തെത്തിയ നേതാക്കള്‍ക്ക് പൊതുസമൂഹത്തില്‍ നിന്നും ശക്തമായ പിന്തുണ ലഭിച്ചിരുന്നു.
Post Your Comments