തിരുവനന്തപുരം: സംഗീത ഇതിഹാസം ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ സംഗീത സംവിധാകയന് എം ജയചന്ദ്രന് അനുശോചനം രേഖപ്പെടുത്തി. ഇന്ന് ഏറെ ദുഃഖകരമായ ദിവസം ആണെന്നും, ലതാജിയെ ഒരു പ്രാവശ്യം പോലും നേരിട്ട് കാണാന്‍ കഴിയാഞ്ഞതിൽ ദുഃഖമുണ്ടെന്നും ജയചന്ദ്രന് പറഞ്ഞു. ‘സംഗീത സംവിധായകനാകാന്‍ എന്നെ പ്രചോദിപ്പിച്ചത് മദന്മോഹന് – ലതാജി കോമ്പിനേഷനിലുള്ള ഗാനങ്ങളാണ്. ലതാജിയെ പോലെ ഒരു പാട്ടിന്റെ രാജകുമാരി മുൻപ് ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ലതാജിയുടെ സംഗീതം നമ്മുടെ ഒപ്പമുണ്ടാകും. അതുകൊണ്ട് തന്നെ ലതാജിക്ക് മരണമില്ല’ എം. ജയചന്ദ്രന് പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.
Also read: ‘സമാധാനം ഇല്ലാതാക്കുന്ന വസ്ത്രം ധരിക്കരുത്’: ഹിജാബ് വിഷയത്തിൽ സർക്കാർ
‘ഇന്ന് ഏറെ ദുഃഖകരമായ ദിവസമാണ്. ലതാജിയുടെ ഭൗതിക സാന്നിധ്യം ഇല്ലാത്ത ലോകം… ലതാജിയെ നേരിട്ട് കാണണമെന്നും, നമസ്കരിക്കണമെന്നും, അനുഗ്രഹീതനാകണമെന്നും ആഗ്രഹിച്ചിട്ടുണ്ട്. അതിനായി മുംബൈയില്‍ പോയിട്ടും ആ ഭാഗ്യം ലഭിച്ചില്ല. ഒരു പ്രാവശ്യം പോലും നേരിട്ട് കാണാന്‍ കഴിയാഞ്ഞതിൽ സങ്കടമുണ്ട്. ലതാജിയുടെ സംഗീതം ഇല്ലാത്ത രാത്രികള്‍ ഉണ്ടായിട്ടില്ല. എന്നെ സന്തോഷിപ്പിച്ചതും, കരയിപ്പിച്ചതും, എന്നില്‍ ജീവൻ ഉണ്ടാക്കിയതും, മുന്നോട്ട് ജീവിക്കണമെന്ന് തോന്നിപ്പിച്ചതും പലപ്പോഴും ലതാജിയുടെ ശബ്ദവും ആലാപന വൈദഗ്ധ്യവും സംഗീതധാരയും ആയിരുന്നു. സംഗീത സംവിദായകനാകാൻ എന്നെ പ്രചോദിപ്പിച്ചത് മദന്മോഹന് – ലതാജി കോമ്പിനേഷനിലുള്ള ഗാനങ്ങളാണ്’ എം. ജയചന്ദ്രൻ പറഞ്ഞു.
‘ലതാജിയെ പോലെ ഒരു പാട്ടിന്റെ രാജകുമാരി മുൻപ് ഉണ്ടായിട്ടില്ലെന്നും, ഇനി ഉണ്ടാകില്ലെന്നും വിശ്വസിക്കുന്ന ആളാണ് ഞാൻ. ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാണ് ലതാജിയെ നഷ്ടപ്പെട്ടത്. ലതാജിയുടെ സംഗീതം നമ്മുടെ ഒപ്പമുണ്ട്. അതുകൊണ്ട് തന്നെ ലതാജിക്ക് മരണമില്ല. ഏറ്റവും പെർഫെക്ടായ ഗായിക ലതാ മങ്കേഷ്കർ ആണെന്ന് ദേവരാജന്‍ മാസ്റ്റര്‍ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ലതാ മങ്കേഷ്കറിന്റെ ശബ്ദം ദൈവീകമാണ്. ലതാജിയെ സംഗീതത്തിന്റെ ആള്‍രൂപമെന്ന് വിശേഷിപ്പിക്കാം. ഈശ്വര വിശ്വാസം, സംഗീതത്തില്‍ ശ്രദ്ധ എന്നിവയെല്ലാം ലതാജിയുടെ സവിശേഷതകളാണ്. മറ്റൊരാള്‍ക്കും ലതാജിയെ പോലെ ആകാൻ കഴിയില്ല. ലതാജിയുടെ ഗാനങ്ങൾ നമുക്ക് പഠിക്കാം, പാടാം. എന്നാല്‍ ലതാജി അവയിൽ കണ്ടെത്തിയ ആത്മാവിനെ നമുക്ക് തൊടാന്‍ പോലും കഴിയില്ല’ അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments