മുംബയ്: അന്തരിച്ച ഗായിക ലത മങ്കേഷ്കറുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി. സഹോദരന് ഹൃദയനാഥ് മങ്കേഷ്കറുടെ മകന് ആദിനാഥ് മങ്കേഷ്കറാണ് മുംബൈ നഗരസഭയിൽ നിന്നും ചിതാഭസ്മം ഏറ്റുവാങ്ങിയത്. ഞായറാഴ്ച ശിവജി പാര്‍ക്കില്‍ നടന്ന സംസ്കാരചടങ്ങില്‍ ആദിനാഥാണ് ലത മങ്കേഷ്കറുടെ ചിതക്ക് തീകൊളുത്തിയത്.
അവിവാഹിതയായ ലത മങ്കേഷ്കറുടെ മരണാനന്തര ചടങ്ങുകള്‍ ഇളയ സഹോദരനായ ഹൃദയനാഥിന്റെ കുടുംബമാണ് നടത്തുന്നത്. ദീർഘനാളായി ചികിത്സയിലായിരുന്ന ലത മങ്കേഷ്കർ ഞായറാഴ്ച രാവിലെയായിരുന്നു മരണത്തിന് കീഴടങ്ങിയത്.
അതേസമയം, ലത മങ്കേഷ്കറിനോടുള്ള ആദരസൂചകമായി തപാല്‍ സ്റ്റാംപ് പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തിന്റെ ഗാനേതിഹാസത്തിന് ഉചിതമായ ബഹുമതിയാകും ഇതെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
Post Your Comments