ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ച് അടുത്തിടെ രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ പരാമർശത്തിനെതിരെയാണ് പ്രതിരോധ മന്ത്രി രംഗത്തെത്തിയത്.
ചൈന പറയുന്നതെല്ലാം വിശ്വസിക്കുക മാത്രമാണ് രാഹുൽ ചെയുന്നത്. രാഹുൽ വസ്തുത അന്വേഷിക്കുന്നതിന് പകരം ചൈന പറയുന്നതെന്തും വിശ്വസിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ശനിയാഴ്ച പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിലെ ബൽദേവിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാൽവാൻ താഴ്വരയിൽ നടന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈന പറയുന്നതെല്ലാം വിശ്വസിച്ച് മൂന്ന് ചൈനീസ് സൈനികർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് രാഹുൽ പറഞ്ഞത്. എന്നാൽ ഒരു ഓസ്ട്രേലിയൻ പത്രം 38-50 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നും 2-4 പേരല്ല എന്ന് റിപ്പോർട്ട് ചെയ്തു-പാർലമെന്റിലെ രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ പരാമർശിച്ചുകൊണ്ട് പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യൻ അതിർത്തികൾ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ ഈ പ്രവണത ഒട്ടും ശരി അല്ലെന്നും രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി.
Post Your Comments